സദാചാരഗുണ്ടകൾക്കെതിരേ കർശന നടപടി: മുഖ്യമന്ത്രി
- 18/02/2017

തിരുവനന്തപുരം: സദാചാര ഗുണ്ടാവിളയാട്ടത്തിനെതിരേ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്കു കർശന നിർദേശം നൽകി. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ സദാചാര ഗുണ്ടാ വിളയാട്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. കേരളത്തിലെ കാമ്പസുകളിലോ പാർക്കുകളിലോ മറ്റു പൊതുസ്ഥലങ്ങളിലോ സംസാരിച്ചിരിക്കുന്ന ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ദൃശ്യങ്ങൾ പകർത്തി സദാചാര വിരുദ്ധമായ കാര്യമായി പ്രചരിപ്പിക്കുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കണം. ഇത്തരം ക്രിമിനൽ ചട്ടമ്പിത്തരങ്ങൾ കേരളത്തിൽ അനുവദിക്കില്ല. ഇക്കാര്യങ്ങളിൽ കർശനമായി ഇടപെടാൻ ഡിജിപിയോടു നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളജിലെത്തി പെണ്‍കുട്ടികളോടു സംസാരിച്ചതിന്റെ പേരിൽ സിനിമാ പ്രവർത്തകനെ എസ്എഫ്ഐക്കാർ മർദിച്ചെന്ന പരാതി ഉയർന്നിരുന്നു. എന്നാൽ, ഇക്കാര്യം മുഖ്യമന്ത്രിയുടെ പത്രക്കുറിപ്പിൽ എടുത്തുപറഞ്ഞിട്ടില്ല. വാലന്റൈൻസ് ദിനത്തിൽ കരുനാഗപ്പള്ളി അഴീക്കൽ ബീച്ചിലെത്തിയ ചെറുപ്പക്കാരായ യുവതീ-യുവാക്കളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഇന്റർനെറ്റ് വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ വ്യക്തമായ നിയമ വ്യവസ്ഥകൾ പ്രകാരം കേസെടുക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി. യുവതീ- യുവാക്കളെ സദാചാര ഗുണ്ടകൾ ആക്രമിക്കുന്നതും അക്രമത്തിനിരയായവർ യാചിക്കുന്നതുമാണു ദൃശ്യങ്ങളിലുള്ളത്. അക്രമികൾ ഉപയോഗിക്കുന്ന വാക്കുകളും ഭാഷയും ഏറെ നികൃഷ്ടവും സംസ്കാരിക ബോധത്തിനു നേരേയുള്ള കൊഞ്ഞനംകുത്തലുമാണ്. ഏതു സാഹചര്യത്തിലായാലും പൊതുജനങ്ങളെ കൈയേറ്റം ചെയ്യാനോ കടന്നുപിടിക്കാനോ ആർക്കും അധികാരം നൽകിയിട്ടില്ല. ഈ ദൃശ്യങ്ങൾ ഇന്റർനെറ്റ് വഴി പ്രചരിപ്പിച്ചുവെന്നതു കടുത്ത നിയമലംഘനമാണ്. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ആളിനെയും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ പ്രത്യേകം നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രി