രാഷ്ട്രീയം ആളെ കൊല്ലാനല്ല: ഉമ്മൻ ചാണ്ടി
- 18/02/2017

കണ്ണൂർ: രാഷ്ട്രീയം ആളെ കൊല്ലാനുള്ളതല്ല, ജനങ്ങൾക്ക് ആശ്വാസവും നന്മയും ചെയ്യുന്നതിനായിരിക്കണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നാടിനു പുരോഗതി ഉണ്ടാക്കുന്നതിനാണ് രാഷ്ട്രീയ പ്രവർത്തകർ മത്സരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്. ബ്രിഗേഡ് രക്തസാക്ഷി അനുസ്മരണ സമ്മേളനം സ്റ്റേഡിയം കോർണറിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഉമ്മൻചാണ്ടി. കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളം ഭരിക്കുന്ന സിപിഎമ്മും ആയുധം താഴെവയ്ക്കില്ലെന്ന ഉറച്ചനിലപാടിലാണ്. എന്നാൽ രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുന്നതിനെതിരേ ശക്തമായ വികാരം ഇപ്പോൾ സമൂഹത്തിൽനിന്ന് ഉയർന്നുവരുന്നുണ്ട്. കഴിഞ്ഞ എട്ടുമാസത്തെ എൽഡിഎഫ് ഭരണത്തിൽ ജനങ്ങൾക്ക് നൽകിയ ഒരു വാഗ്ദാനവും നടപ്പാക്കാൻ പിണറായി സർക്കാരിനു സാധിച്ചില്ല. ഇതിനിടെ നിരവധി രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഈ മണ്ണിൽ ഇതുപോലുള്ള രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും ഇനിയും ആവർത്തിക്കരുത്. അതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ഇത്തരം അക്രമത്തിനെതിരേ ശക്തമായി പോരാടിയ നേതാവാണ് കെ. സുധാകരനെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഡിസിസി മുൻ പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. രമേശ് ചെന്നിത്തല, കെ. സുധാകരൻ, എംഎൽഎമാരായ കെ.സി. ജോസഫ്, സണ്ണി ജോസഫ്, ഡിസിസി പ്രസിഡന്റുമാരായ സതീശൻ പാച്ചേനി, ഹക്കീം കുന്നിൽ, ടി. സിദ്ദീഖ്, കെപിസിസി ജനറൽ സെക്രട്ടറി സുമാ ബാലകൃഷ്ണൻ, തുടങ്ങിയവർ പങ്കെടുത്തു.