ഇടതുസർക്കാർ ജനങ്ങളുടെപ്രതീക്ഷ തകർത്തുചെന്നിത്തല.
- 17/02/2017

കോട്ടയം: ഭരണം എട്ടു മാസം പിന്നിടുന്പോൾ തന്നെ ഇടതു സർക്കാർ ജനങ്ങളുടെ പ്രതീക്ഷ തകർത്തതായി പ്രതിപക്ഷ നേ താവ് രമേശ് ചെന്നിത്തല. പൊതുവിതരണ രംഗം താറുമാറായി റേഷൻ കിട്ടാതെ ജനം വലയുന്നു. ഒരു കിലോ അരിക്ക് 10 മുതൽ 15 വരെ രൂപ പൊതുവിപണിയിൽ വർധിച്ചു. അതിരൂക്ഷമായ വരൾച്ചയെ നേരിടാൻ ഒരു കർമപദ്ധതിയും ആവിഷ്കരിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ലെ്ലന്നും ചെന്നിത്തല മീറ്റ് ദി പ്രസിൽ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ ലാവ്ലിൻ അഴിമതികേസ് വൈകിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ അഭിഭാഷകർ കോടതിയിൽ ഹാജരാകാത്തതെന്നും വിചാരണ നീട്ടിക്കൊണ്ടുപോകുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗൂഢാലോചനയെത്തുടർന്നാണെന്നും ചെന്നിത്തല ആരോ പിച്ചു. സിബിഐ കേസിൽ അഡീഷണൽ സോളിറ്റർ ജനറൽ കെ.എം. നടരാജൻ തുടർച്ചയായി ഹാജരാകാത്തതിൽ ദുരൂഹതയുണ്ട്. കണ്ണൂരിൽ കഴിഞ്ഞദിവസം രാഷ്ട്രീയസമാധാന ചർച്ച നടത്തുന്നതിനു തൊട്ടുമുൻപ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ഇരുകൂട്ടരും രഹസ്യ ചർച്ച നടത്തിയതിലും ദുരൂഹതയുണ്ട്. എത്രത്തോളം ഏക്കറിൽ കൃഷിനാശമുണ്ടായെന്നോ എത്ര നാൽക്കാലികൾ ചത്തൊടുങ്ങിയെന്നോ കണക്കെടുക്കാനായിട്ടില്ല. വരൾച്ചാ ബാധിത സംസ്ഥാനമെന്ന നിലയിൽ കേന്ദ്രസർക്കാരിനു മെമ്മോറാണ്ടം നൽകാനും കഴിഞ്ഞിട്ടില്ല. മധ്യകേരളത്തിൽ വിമാനത്താവളം നിർമിക്കാൻ തീരുമാനമെടുത്തെങ്കിലും അത് എവിടെയാണെന്ന് പിണറായി വിജയൻ വെളിപ്പെടുത്താത്തതിലും ദുരൂഹതയുണ്ട്.സർക്കാരുമായുള്ള ഭിന്നതയെത്തുടർന്ന് ഐഎഎസുകാർ ഉൾപ്പെടെ ഉദ്യോഗസ്ഥർ തീരുമാനങ്ങളെടുക്കാതെ മെല്ലെപ്പോക്കിലാണ്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഏറ്റവുമധികം ഫയലുകൾ കെട്ടിക്കിടക്കുന്നത്. വരൾച്ച നേരിടാൻ സർക്കാർ കർമപദ്ധതി ആവിഷ്കരിച്ചിട്ടുമില്ല. സംസ്ഥാനത്തെ ക്രമസമാധാനം അപ്പാടെ തകർന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെ നിയോജകമണ്ഡലത്തിൽ നാലു പേർ രാഷ്ട്രീയ കൊലപാതകങ്ങളിൽ കൊല്ലപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിൽ മൂന്ന് അധോലോക ഗുണ്ടകളെ കൊന്നു. പ്രതിപക്ഷം ഉൾപ്പെടെ എല്ലാ എംഎൽഎമാരും ഭരണ അസ്ഥിരതയിൽ അസ്വസ്ഥരാണ്. കേരളത്തിലെ സ്വാശ്രയസ്ഥാപനങ്ങൾക്ക് ചിട്ടവട്ടങ്ങൾ അനിവാര്യമാണെന്നും വിദ്യാർഥികളെ അടിച്ചമർത്തുന്ന നയംകൊണ്ടാണ് ഇപ്പോഴത്തെ സമരങ്ങളെന്നും രമേശ് പറഞ്ഞു. കലാലയ രാഷ്ട്രീയം നിരോധിച്ചതിന്റെ പ്രത്യാഘാതം കൂടിയാണ് നിലവിലെ അസ്വസ്ഥതകൾ. കെ.എം. മാണി പുറത്തുപോയത് മുന്നണിയുടെ ശക്തിയെ ബാധിച്ചിട്ടില്ല. സ്വന്തം താൽപര്യത്തിൽ പുറത്തുപോയ മാണി വിഭാഗത്തിന്റെ തിരിച്ചുവരവ് ഇപ്പോൾ ആലോചനയിലുമില്ല. ഫോർവേഡ് ബ്ലോക്ക് യുഡിഎഫിലേക്ക് വരാൻ തയാറായിട്ടുണ്ട്. അക്കാര്യം പരിഗണിക്കും. രാമപുരം കോട്ടമല ഖനനത്തിനു പിന്നിൽ ഏതു വൻകിടക്കാരുടെ സ്വാധീനമുണ്ടായാലും അവിടെ ഖനനം നടത്താൻ കോണ്ഗ്രസ് അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.