കേസുകൾകൈകാര്യം ചെയ്യാൻകോടതിക്കറിയാം മാധ്യമപ്രവർത്തകർ ഇടപെടേണ്ട
- 17/02/2017

കൊച്ചി: ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി ഉത്തരവിനെതിരേ സമർപ്പിച്ച റിവിഷൻ ഹർജി ഹൈക്കോടതി മാർച്ച് ഒന്പതിനു പരിഗണിക്കും. റിവിഷൻ ഹർജി വേഗം തീർപ്പാക്കണമെന്നാവശ്യപ്പെട്ടു മാധ്യമ പ്രവർത്തകൻ ഹർജി സമർപ്പിച്ചതിനെ വിമർശിച്ച കോടതി മാധ്യമങ്ങൾക്കെതിരേയും വിമർശനം നടത്തി. മാധ്യമ പ്രവർത്തകൻ എം.ആർ. അജയന്റെ ഹർജി പരിഗണിക്കവേയാണ് വിമർശം. ഈ ഹർജി സിംഗിൾബെഞ്ച് തള്ളി. മാധ്യമങ്ങളിലൂടെ പ്രശസ്തി നേടാനാണ് അജയന്റെ ഹർജിയെന്ന് സർക്കാരിന്റെയും സിബിഐയുടെയും അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഒരു പൗരനെന്ന നിലയിലാണ് ഹർജി നൽകിയതെന്നു ഹർജിക്കാരൻ വാദിച്ചു. ഈ വാദം കോടതി അംഗീകരിച്ചില്ലെന്നു മാത്രമല്ല ഹർജിക്കാരന് ഈ വിഷയത്തിൽ എന്താണ് താല്പര്യമെന്ന് ആരായുകയുംചെയ്തു. കേസ് വേഗം തീർപ്പാക്കണമെന്നും ഖജനാവിനു നഷ്ടമുണ്ടായ കേസിൽ സമൂഹത്തിന് താല്പര്യമുണ്ടെന്നുമായിരുന്നു ഇതിനു മറുപടി. ഇത്തരമൊരു ആവശ്യം ഹർജിക്കാരന് ഉന്നയിക്കാനാവില്ലെന്ന സിബിഐയുടെയും സർക്കാരിന്റെയും വാദം അംഗീകരിച്ച കോടതി, എല്ലാ പൗരന്മാരെയും കോടതി നടപടികളിൽ ഇടപെടാനനുവദിച്ചാൽ നീതി നിർവഹണം സാധ്യമാകില്ലെന്നു ചൂണ്ടിക്കാട്ടി. ലാവ് ലിൻ ഹർജി വൈകുന്നതിനെക്കുറിച്ച് ഹർജിക്കാരന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ടു. ഹർജിക്കാരന്റെ യഥാർഥ ആവശ്യം മാധ്യമങ്ങളിലൂടെയുള്ള പ്രശസ്തിയാണ്. ജഡ്ജിമാർക്ക് അവരുടെ ഉത്തരവാദിത്വവും പ്രതിബദ്ധതയുമെന്താണെന്ന് വ്യക്തമായ ധാരണയുണ്ട്. കേസുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും തീർപ്പാക്കണമെന്നും അറിയാം. കോടതി നടപടികൾ എങ്ങനെ നിയന്ത്രിക്കണമെന്നും അറിയാം. ചാനൽ ചർച്ചകൾക്കോ മാധ്യമ റിപ്പോർട്ടുകൾക്കോ ഇക്കാര്യത്തിൽ കോടതികളെ സ്വാധീനിക്കാൻ കഴിയില്ല. ചാനലുകൾ കേസുകളെ ആഘോഷമാക്കുകയാണ്. കേസുകൾ എങ്ങനെ പരിഗണിക്കണം, എങ്ങനെ തീർപ്പാക്കണം എന്നൊന്നും മാധ്യമങ്ങൾ പറഞ്ഞു തരികയോ പഠിപ്പിക്കുകയോ വേണ്ട-കോടതി വ്യക്തമാക്കി. കേസിൽ ചില ഹർജികൾ ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്ന് കണ്ടെത്തി മുന്പ് തള്ളിയിരുന്നുവെന്നു കോടതി ചൂണ്ടിക്കാട്ടി. സിബിഐയുടെ റിവിഷൻ ഹർജി ഗൗരവവും മുൻഗണനയും അനുസരിച്ച് തീർപ്പാക്കും. ഹർജി മാർച്ച് ഒന്പതിനു പരിഗണിക്കാൻ തീരുമാനിച്ചത് കോടതിയാണ്. ഹർജിക്കാരന്റെ താല്പര്യത്തിനല്ല. കോടതി നടപടികൾ നിയമത്തെ അടിസ്ഥാനമാക്കിയാണ് പുരോഗമിക്കുന്നത്. മറിച്ച് യാന്ത്രികമോ ഇലക്ട്രോണിക് പ്രവർത്തനമോ അല്ല-സിംഗിൾബെഞ്ച് വ്യക്തമാക്കി. റിവിഷൻ ഹർജിയിൽ ഇന്നലെത്തന്നെ വാദം തുടങ്ങാനാവുമോയെന്ന് കോടതി ചോദിച്ചെങ്കിലും അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് ഹാജരായില്ലെന്നും ഫെബ്രുവരി 21 ന് വാദം തുടങ്ങാമെന്നും സിബിഐയുടെ അഭിഭാഷകൻ വ്യക്തമാക്കി. മാർച്ച് ഒന്പതിനു പരിഗണിക്കാൻ മാറ്റണമെന്ന് പ്രതിഭാഗം അഭിഭാഷകരും ആവശ്യപ്പെട്ടു. തുടർന്ന് ഇരുകൂട്ടരുടെയും സൗകര്യം കണക്കിലെടുത്ത് റിവിഷൻ ഹർജി മാർച്ച് ഒന്പതിലേക്ക് മാറ്റുകയായിരുന്നു. കോടതി നടപടികൾ സുഗമമായി പോകണമെന്നും കേസിലെ കക്ഷികളുടെ സൗകര്യങ്ങളും തടസവും കണക്കിലെടുത്താണ് നടപടികൾ മുന്നോട്ടു പോകുന്നതെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി