കാരുണ്യപദ്ധതിയോടു കരുണകാണിക്കണം: കെ.എം. മാണി
- 16/02/2017

കോട്ടയം: കാരുണ്യ പദ്ധതിയെ കൊല്ലരുതെന്നും കരുണ കാണിക്കണമെന്നും പദ്ധതിയുടെ ഉപജ്ഞാതാവുകൂടിയായ മുൻ ധനമന്ത്രി കെ.എം. മാണി എംഎൽഎ. കാരുണ്യ പദ്ധതിയെ അവസാനിപ്പിക്കാൻ സർക്കാർ നടത്തുന്ന നീക്കത്തിനെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോട്ടറി രാജാക്കന്മാരിൽ നിന്നും മാഫിയകളിൽ നിന്നും സംസ്ഥാന ലോട്ടറിയെ മോചിപ്പിച്ച് ജനക്ഷേമപദ്ധതിക്കായി വിനിയോഗിക്കുകയായിരുന്നു. ചെലവേറിയ ചികിത്സക്ക് പണമില്ലാതെ കഷ്ടപ്പെട്ട ലക്ഷകണക്കിന് രോഗികൾക്ക് ആശ്വാസം പകർന്ന സുതാര്യമായ പദ്ധതിയായിരുന്നു കാരുണ്യ. കാരുണ്യ ലോട്ടറി ഒരു പുണ്യമെന്നു കരുതി ജനങ്ങൾ വലിയ പിന്തുണയാണ് നൽകിയിരുന്നത്. രാജ്യം അംഗീകരിച്ച ഏറ്റവും വലിയ സാമൂഹികക്ഷേമസുരക്ഷാ പദ്ധതിയുമായിരുന്നു. ഇടതുസർക്കാർ അധികാരമേറ്റതുമുതൽ കാരുണ്യ പദ്ധതിക്കെതിരെ നീക്കം ആരംഭിച്ചിരുന്നു. യുഡിഎഫ് ഭരണകാലത്തും ചില നീക്കങ്ങൾ ഉണ്ടാകാതിരുന്നില്ല. കാൻസർ, ഹൃദ്രോഗം, ഹീമോഫീലിയ, ഡയാലിസിസ് തുടങ്ങിയ ചെലവേറിയ ചികിത്സക്ക് ലക്ഷക്കണക്കിന് താഴ്ന്ന വരുമാനക്കാർക്ക് ആശ്വാസമായിരുന്ന പദ്ധതിയും വിലക്കുറവിൽ മരുന്നുകൾ ലഭ്യമാക്കിയിരുന്ന കാരുണ്യ ഫാർമസികളും നിലവിലുള്ള രീതിയിൽ തുടരുന്നതിന് നടപടി ഉണ്ടാവണം. സർക്കാരിന്റെ ചികിത്സാ പദ്ധതികളെല്ലാം ഒരു കുടക്കീഴിൽ ആക്കാനുള്ള തീരുമാനമാണ് എടുക്കുന്നതെങ്കിൽ അതു കാരുണ്യ പദ്ധതിയുടെ കീഴിലാക്കുകയാണ് വേണ്ടതെന്നും കെ.എം. മാണി ആവശ്യപ്പെട്ടു.