വൈദ്യുതി കണക്ഷൻ: അപേക്ഷകൾ ഓണ്‍ലൈൻ
- 15/02/2017

തിരുവനന്തപുരം: ഓണ്‍ലൈൻ വഴി പുതിയ കണക്ഷനുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള സൗകര്യം കെഎസ്ഇബി ഒരുക്കുന്നു. പോസ്റ്റ് ആവശ്യമില്ലാത്ത ഗാർഹിക ഉപഭോക്താക്കൾക്കും മറ്റ് ലോ ടെൻഷൻ ഉപഭോക്താക്കൾക്കും അപേക്ഷാ ഫീസിനോടൊപ്പം സെക്യൂരിറ്റി ഡെപ്പോസിറ്റും സർവീസ് കണക്ഷനു വേണ്ട ചെലവും ഓണ്‍ലൈനായി തന്നെ അടയ്ക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും അപേക്ഷകന്റെ ഫോട്ടോയും മറ്റു രേഖകളും കണക്ഷൻ നൽകാൻ വരുന്ന ഉദ്യോഗസ്ഥന്റെ കൈവശം ഏൽപ്പിച്ചാൽ മതി. പോസ്റ്റ് ആവശ്യമുള്ള കണക്ഷന് അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കാമെങ്കിലും സെക്യൂരിറ്റി ഡെപ്പോസിറ്റും മറ്റു ചെലവുകളും സ്ഥല പരിശോധനയ്ക്കുശേഷം ഇ-മെയിൽ വഴിയും എസ്എംഎസ് വഴിയും അറിയിച്ചതിനുശേഷം ഓണ്‍ലൈനായി തന്നെ അവയും അടയ്ക്കാം.പേടിഎം (പേ ത്രൂ മൊബൈൽ)എന്ന ഇ-വാലറ്റ് സംവിധാനം വഴി വൈദ്യുതി ബില്ലുകൾ അടയ്ക്കുവാനുള്ള സൗകര്യവും ബോർഡ് ഒരുക്കുന്നു. ഇതുമൂലം മൊബൈൽ ആപ്പ് ഉപയോഗിച്ച് തങ്ങളുടെ മൊബൈൽ വഴി ബിൽ തുക അടയ്ക്കാൻ ഉപഭോക്താക്കൾക്ക് ആകും.അപ്നാ സിഎംസി (കോമണ്‍ സർവീസ് സെന്റർ സ്കീം)എന്ന ദേശീയ പൊതു സേവനകേന്ദ്രവും സംസ്ഥാനത്തെ അക്ഷയാ കേന്ദ്രവുമായി യോജിച്ച് കെഎസ്ഇബി യുടെ വിനിമയ സമന്വയം സാധ്യമാക്കി വൈദ്യുതിബിൽ തുക അടയ്ക്കാനും സൗകര്യമൊരുക്കുന്നു. ഈ സംവിധാനം നിലവിൽ വരുന്നതോടെ അക്ഷയ സെന്റർ വഴി പണമടയ്ക്കുന്നത് ഉടൻതന്നെ കെഎസ്ഇബിയിൽ വരവ് വയ്ക്കാനാകും.ജീവനക്കാർക്ക് വേണ്ടി ഒരു നെറ്റ് മൊബൈൽ ആപ്ളിക്കേഷൻ പ്രവർത്തനസജ്ജമാകുന്നതോടെ ഉദ്യോഗസ്ഥർക്ക് ഓഫീസിന് പുറത്തും ജോലിക്ക് മേൽനോട്ടം വഹിക്കുന്പോഴും ഔദ്യോഗിക കാര്യം നിർവഹിക്കുവാൻ സാധിക്കും