എല്ലാപോലീസ്സ്റ്റേഷനുകളും ജനമൈത്രിആക്കാനുള്ള നടപടികൾആയി
- 15/02/2017

സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളും ജനമൈത്രി പോലീസ് സ്റ്റേഷനുകളാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ജനങ്ങളുടെ സുരക്ഷ കൂടുതൽ ഉറപ്പുവരുത്തുന്നതിനും പരാതികൾ കൂടുതൽ രഹസ്യസ്വഭാവമുള്ളതാക്കി കുറ്റകൃത്യങ്ങൾ കണ്ടെത്തി വേഗത്തിൽ നടപടി സ്വീകരിക്കുന്നതിനും വേണ്ടിയാണ് എല്ലാ പോലീസ് സ്റ്റേഷനുകളെയും ജനമൈത്രി ആക്കി മാറ്റുന്നത്. ഓരോ പോലീസ് സ്റ്റേഷൻ പരിധിയെയും വിവിധ ബീറ്റുകളായി തിരിച്ചു പോലീസുകാരെ ബീറ്റ് ഓഫീസർമാരായി നിയോഗിച്ചു ചുമതലകൾ നൽകും. സംസ്ഥാനത്തെ 519 പോലീസ് സ്റ്റേഷനുകളാണ് ജനമൈത്രി പോലീസ് സ്റ്റേഷനുകളായി മാറ്റുന്നത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഇതേത്തുടർന്നാണ് വിവിധ സ്റ്റേഷനുകളിൽ ബീറ്റുകളും ഇതിനുള്ള പോലീസ് ഓഫീസർമാരെയും ക്രമീകരിക്കുന്നതുസംബന്ധിച്ച നടപടികൾ തുടങ്ങിയത്. ജനങ്ങളുടെ സഹകരണത്തോടെ കുറ്റകൃത്യങ്ങൾ തടയുകയും കുറ്റവാളികളെ കണ്ടെത്തുകയും ലോ ആൻഡ് ഓർഡർ നടപ്പാക്കുകയുമാണ് ജനമൈത്രി പോലീസ് സ്റ്റേഷനുകളുടെ പ്രധാന ലക്ഷ്യം. ഇതുമൂലം എല്ലാ ജനങ്ങൾക്കും സുരക്ഷ ഉറപ്പുവരുത്താനും ജനങ്ങളുടെ വിശ്വാസം ആർജിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്റ്റേഷനുകൾ ജനമൈത്രിയാകുന്നതോടെ സ്റ്റേഷനുകളിലെ ഓഫീസുകളിൽ ജോലി ചെയ്യുന്ന പോലീസുകാർക്കുവരെ ബീറ്റുകളിലെത്തി ജനകീയ സന്പർക്കം പുലർത്തേണ്ടിവരും. ജനങ്ങളുടെ വിശ്വാസം നേടിയാൽ ക്രിമിനലുകളെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചും കൂടുതൽ വിവരം ലഭിക്കാനും ഇതിലൂടെ കുറ്റകൃത്യങ്ങളും വിധ്വംസക പ്രവർത്തികളും ഭീകരവാദപ്രവർത്തനങ്ങളും തടയാൻ കഴിയുമെന്നും പോലീസ് കരുതുന്നു. 2007ലാണ് കേരളത്തിൽ ആദ്യമായി ജനമൈത്രി പോലീസ് സംവിധാനം നിലവിൽ വന്നത്. കോട്ടയം ജില്ലയിൽ 32 പോലീസ് സ്റ്റേഷനുകളിൽ 18 സ്റ്റേഷനുകളിലും ജനമൈത്രി സംവിധാനം നിലവിൽ വന്നുകഴിഞ്ഞു. ഓരോ സ്റ്റേഷനിലെയും ബീറ്റുകളുടെ എണ്ണം ഏരിയായുടെയും ജനസംഖ്യയുടെയും വലുപ്പത്തിന്റെയും അടിസ്ഥാനത്തിൽ അതത് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐമാർക്കു നിശ്ചയിക്കാവുന്നതാണ്.