യുവാക്കളുടെഉടുതുണിപറിച്ച SIഎ.സി. വിപിനെ സ്ഥലം മാറ്റി.
- 13/02/2017

കൊച്ചി: പോലീസ് കസ്റ്റഡിയിലെടുത്ത സഹോദരങ്ങളടക്കം മൂന്നു യുവാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ചു നിർത്തി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ മർദിച്ചതായി പരാതി. തേവരയിൽനിന്ന് ശനിയാഴ്ച രാത്രി പോലീസ് കസ്റ്റഡിയിലെടുത്ത കൊച്ചുകടവന്ത്ര സ്വദേശി അയ്യപ്പ സ്വരൂപ്, കാക്കനാട് താമസിക്കുന്ന സഹോദരങ്ങളായ വിനോദ് അംബേദ്കർ, അനുജൻ ഉപേന്ദ്രദേവ് എന്നിവർക്കാണു മർദനമേറ്റത് . കസ്റ്റഡിയിൽ എടുത്തശേഷം മർദിച്ച് അടിവസ്ത്രം ഒഴികെയുള്ളവ അഴിച്ചുമാറ്റി ലോക്കപ്പിലാക്കുകയായിരുന്നുവെന്നാണു പരാതി. ഇതിനിടെ നിരപരാധികളായ യുവാക്കളെ പോലീസ് കസ്റ്റഡിയിൽ മർദിച്ചുവെന്നാരോപിച്ച് ഹൈബി ഈഡൻ എംഎൽഎയുടെ നേതൃത്വത്തിൽ കോണ്ഗ്രസ് പ്രവർത്തകർ സ്റ്റേഷനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തി. ഇതേത്തുടർന്ന് സ്ഥലത്തെത്തിയ സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ് എംഎൽഎയുമായി സംസാരിച്ചശേഷം ആരോപണവിധേയനായ എസ്ഐ എ.സി. വിപിനെ സ്ഥലം മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ എം. ബിനോയിയെ ചുമതലപ്പെടുത്തുകയും ചെയ്തു.സിറ്റി പോലീസ് ആസ്ഥാനത്തേക്കാണ് എസ്ഐയെ സ്ഥലം മാറ്റിയത്.കമ്മീഷണറുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് എംഎൽഎയും കൂട്ടരും സമരം അവസാനിപ്പിച്ചത്. കസ്റ്റഡി മർദന വാർത്ത പരന്നതിനെ തുടർന്ന് പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റി ചെയർമാൻ ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് സ്റ്റേഷനിലെത്തി വിശദാംശങ്ങൾ നേരിട്ടു മനസിലാക്കി.ശനിയാഴ്ച രാത്രി യുവാക്കൾ കാറിൽ തേവര വഴി വരുന്ന സമയത്ത് പട്രോളിംഗിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ വിപിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയുടെ പേരിൽ ഇവരെ തടയുകയായിരുന്നുവെന്ന് ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. മദ്യപിച്ചോയെന്ന് കണ്ടെത്താൻ കാർ ഓടിച്ചിരുന്ന ഉപേന്ദ്രദേവിനെ പരിശോധിച്ചെങ്കിലും മദ്യപിച്ചതായി കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് വെറുതെ വിട്ടു. കാർ എടുത്തു പോകാൻ തുടങ്ങുമ്പോൾ എസ്ഐയെ രൂക്ഷമായി നോക്കിയെന്നാരോപിച്ച് ഉപേന്ദ്രദേവിനെ എസ്ഐ മർദിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത രണ്ടു മറ്റു പേരെയും മർദിച്ച ശേഷം കസ്റ്റഡിയിലെടുത്തു. ഇവരെ സ്റ്റേഷനിൽ എത്തിച്ചശേഷം ക്രൂരമായി മർദിച്ചതായും വസ്ത്രങ്ങൾ അഴിച്ചുവയ്പിച്ചതായും ഷിയാസ് പറഞ്ഞു.എന്നാൽ, ആരോപിക്കപ്പെടുന്ന തരത്തിൽ ഒന്നുമുണ്ടായിട്ടില്ലെന്ന് സർക്കിൾ ഇൻസ്പെക്ടർ സിബി ടോമും എസ്ഐ എ.സി. വിപിനും പറഞ്ഞു. തേവര ഭാഗത്ത് പരസ്യമായി മദ്യപിക്കുകയായിരുന്ന യുവാക്കളെ കണ്ട പോലീസ് ഉദ്യോഗസ്ഥർ ഇതു ചോദ്യം ചെയ്യുകയും തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ യുവാക്കൾ സബ് ഇൻസ്പെക്ടറെ മർദിക്കുകയുമായിരുന്നുവെന്ന് സിഐ പറഞ്ഞു.ആരോപിക്കപ്പെടുന്ന തരത്തിൽ മർദനമുണ്ടായിട്ടില്ലെന്ന് എസ്ഐ വിപിനും പറഞ്ഞു. വസ്ത്രം അഴിപ്പിച്ചതു ശരിയാണ്. അത് ദേഹപരിശോധനയുടെ ഭാഗമായി ചെയ്തുവരുന്നതാണ്. പരിശോധനയ്ക്കു ശേഷം വസ്ത്രങ്ങൾ തിരിച്ചു നൽകിയെന്നും അദ്ദേഹം പറഞ്ഞു.സൗത്ത് പോലീസ് സ്റ്റേഷനിലുണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് പ്രവർത്തകർ ഇന്നലെ രാവിലെ മുതൽ പ്രതിഷേധവുമായി സ്റ്റേഷനു മുന്നിൽ നിലയുറപ്പിച്ചിരുന്നു. സംഘർഷാവസ്ഥ ഒഴിവാക്കുന്നതിനായി കനത്ത സുരക്ഷയൊരുക്കി പോലീസ് സംഘവും നിലയുറപ്പിച്ചിരുന്നു.ഉച്ചയ്ക്കു 2.30 ഓടെ സ്ഥലത്തെത്തിയ കമ്മീഷണർ സമരക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന് യുവാക്കളെ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇവരെ സ്റ്റേഷന്റെ പിൻവശത്തുകൂടിയാണ് പുറത്തേക്കു കൊണ്ടുപോയത്.