എന്‍ജിഒ യൂണിയന്‍ സൌത്ത് ജില്ലാസമ്മേളനം
- 12/02/2017

എന്‍ജിഒ യൂണിയന്‍ സൌത്ത് ജില്ലാ സമ്മേളനത്തിന് തുടക്കം; പ്രകടനം നാളെ നെയ്യാറ്റിന്‍കര > കേരള എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം സൌത്ത് ജില്ലാ സമ്മേളനത്തിന് നെയ്യാറ്റിന്‍കരയില്‍ ഉജ്വല തുടക്കം. തൊഴിലാളികളെയും ജീവനക്കാരെയും ജനങ്ങളെയും അനുദിനം ദുരിതത്തിലേക്ക് നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യോജിച്ച് അണിനിരക്കാന്‍ സമ്മേളനം ആഹ്വാനം ചെയ്തു. നെയ്യാറ്റിന്‍കര ടി ജെ ഓഡിറ്റോറിയത്തില്‍ ജില്ലാ പ്രസിഡണ്ട് ബി വിജയന്‍നായര്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് ചേര്‍ന്ന കൌണ്‍സില്‍ യോഗത്തില്‍ ജില്ലാ സെക്രട്ടറി എന്‍ ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ സി വിനോദ് കുമാര്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ഉച്ചകഴിഞ്ഞ് ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനം സിഐടിയു ദേശീയ സെക്രട്ടറി പി നന്ദകുമാര്‍ ഉദ്ഘാടനംചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി എസ് അശോക് കുമാര്‍ സംസാരിച്ചു. പുതിയ ജില്ലാ പ്രസിഡന്റ് എസ് ഗോപകുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബി അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. സംഘടനാ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറിയറ്റ്അംഗം എം ഡി ശശിധരന്‍ അവതരിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ എസ് രാധാകൃഷ്ണന്‍ സംസാരിച്ചു. ആദ്യ ദിവസം 11 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സമ്മേളനത്തില്‍ 350 പ്രതിനിധികള്‍ പങ്കെടുക്കുന്നു. പ്രതിനിധി സമ്മേളനം ഞായറാഴ്ചയും തുടരും. പകല്‍ 11ന് ഇടതുപക്ഷ ബദല്‍ എന്ന വിഷയത്തില്‍ കെഎസ്കെടിയു സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ രതീന്ദ്രന്‍ പ്രഭാഷണം നടത്തും. 2.15ന് സുഹൃത് സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനംചെയ്യും. വിവിധ സംഘടനാ നേതാക്കള്‍ സംസാരിക്കും. തിങ്കളാഴ്ച വൈകിട്ട് പ്രകടനത്തോടെ സമ്മേളനം സമാപിക്കും. വൈകിട്ട് നാലിന് ടി ബി ജങ്ഷനില്‍നിന്ന് ജീവനക്കാരുടെ പ്രകടനം ആരംഭിക്കും. തുടര്‍ന്ന് അക്ഷയ കോപ്ളക്സ് ഗ്രൌണ്ടില്‍ നടക്കുന്ന പൊതുസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്യും.