ചാകര കടലിന്റെ അടിത്തട്ടിൽനിന്നുള്ള ജലപ്രവാഹം
- 11/02/2017

ചാകര കടലിന്റെ അടിത്തട്ടിൽനിന്നുള്ള ജലപ്രവാഹം മൂലമെന്നു പഠനം കൊച്ചി: മത്സ്യങ്ങളുടെ കൂട്ടം മാത്രമാണു ചാകരയെന്നതു തെറ്റിദ്ധാരണയാണെന്നും കാറ്റ്, ഒഴുക്ക്, തിര, ചെളി തുടങ്ങിയവ കൂടിച്ചേർന്നു സമുദ്രത്തിന്റെ അടിത്തട്ടിൽനിന്നു മുകളിലേക്കുണ്ടാകുന്ന ശക്തമായ ജലപ്രവാഹമാണു യഥാർഥ ചാകരയെന്നും പഠനം. ശാസ്ത്ര ലോകത്ത് അപ് വെല്ലിംഗ് എന്ന് അറിയപ്പെടുന്ന കടലിന്റെ അടിത്തട്ടിൽനിന്നു മുകളിലേക്കുണ്ടാകുന്ന ശക്തമായ ജലപ്രവാഹം മൂലമുണ്ടാകുന്ന ഭൗതിക രൂപീകരണമാണ് ചാകരയെന്നു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി(എൻഐഒ) നടത്തിയ പഠനങ്ങളിൽനിന്നു വ്യക്തമായതായി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എസ്. പ്രസന്നകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.പ്രക്ഷുബ്ധമായ മണ്സൂണ് കാലവർഷത്തിൽ കടലിൽ രൂപപ്പെടുന്ന ശാന്തമായ തീരപ്രദേശങ്ങളിലാണു ചാകര സംഭവിക്കു ന്നത്. ആഗോളതാപനത്തെ തടയുന്ന ബാക്ടീരിയകളുടെ സാന്നിധ്യം അടക്കം നിരവധി ജൈവ കൗതുകങ്ങളാണു ചാകര പ്രതിഭാസത്തിൽ ഒളിഞ്ഞിരിക്കുന്നത്. ചാകര മൂലം ചെളിയിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫറസ് കണികകൾ വികസിക്കുകയും ഇവ ജലകണങ്ങളെ ആകർഷിക്കുകയുംചെയ്യും. ഇതു മൂലം ഇളകി വരുന്ന ചെളി കട്ടിയാകാതെ ചെളിവെള്ളമായി മൂന്നോ നാലോ മാസം വരെ തുടരും. അപ് വെല്ലിംഗ് പ്രക്രിയയ്ക്കു മുന്പ് സമുദ്രത്തിൽ ഗ്രീൻ ഹൗസ് ഗണത്തിൽപെടുന്ന വാതകമായ മീഥൈയിനിന്റെ അംശം കൂടുതലായിരിക്കും. എന്നാൽ, അപ് വെല്ലിംഗിനു ശേഷം മീഥൈയിൻ ഇല്ലാതാക്കുന്ന ബാക്ടീരിയകൾ ജലത്തിൽ രൂപപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതു മീഥൈയിൻ സാന്നിധ്യം കുറയ്ക്കും. അതുവഴി ആഗോളതാപനം നിയന്ത്രിക്കാനും സാധിക്കും.ആഗോളതാപനത്തിനെതിരേ പ്രവർത്തിക്കുന്ന ജൈവ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള സാധ്യതകൾ ഈ കണ്ടെത്തൽ തുറന്നിടുന്നുണ്ടെന്നും ഈ രംഗത്തു കൂടുതൽ ഗവേഷണങ്ങൾക്ക് എൻഐഒ തയാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാകരയോടനുബന്ധിച്ചു രൂപപ്പെടുന്ന ഫ്രജിലേറിയ, നോക്റ്റിലുക്ക, കോസിനോഡിസ്കസ് തുടങ്ങിയ കടലിലെ സസ്യങ്ങളെ ഭക്ഷിക്കാനാണു മത്സ്യങ്ങൾ എത്തുന്നതെന്നു സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞയായ ഡോ. വി. കൃപ പറഞ്ഞു. ഫ്രിജിലേറിയ കൂടുതലായി രൂപപ്പെടുന്ന സമയത്തു ചാള മീനായിരിക്കും അധികമായി എത്തുക. ഇങ്ങനെ ഓരോ മത്സ്യങ്ങളുടെയും ഇഷ്ടപ്പെട്ട ആഹാരം ലഭ്യമാകുമ്പോൾ വ്യത്യസ്തമായ മത്സ്യങ്ങൾ ഇവയെ ഭക്ഷിക്കാൻ എത്തും. അയല, കൊഴുവ, ചെമ്മീൻ എന്നിവയാണ് ഇത്തരത്തിൽ പ്രധാനമായും എത്തുന്നത്. ഇവയിൽ ചെമ്മീൻ ഉപരിതലത്തിൽ എത്തുന്നത് ഓക്സിജൻ ലഭിക്കാനാണ്. ജലം ഉപരിതലത്തിലേക്കു പ്രവഹിക്കുമ്പോൾ അടിത്തട്ടിലുള്ള ഓക്സിജൻ അംശം കുറഞ്ഞ ജലമായിരിക്കും എത്തുക. അതിനനുസരിച്ചു ചെമ്മീൻ ഉപരിതലത്തിലേക്ക് ഉയരും. ഇത്തരത്തിൽ എത്തുന്ന ചെറു മത്സ്യങ്ങളെ ഭക്ഷിക്കാനാണു വലിയ മത്സ്യങ്ങൾ ചാകര പ്രദേശത്തേക്ക് എത്തുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, ചാകര ഉള്ളിടത്തെല്ലാം മത്സ്യങ്ങൾ എത്തണമെന്നില്ല. മത്സ്യങ്ങളുടെ കൂട്ടം കാണുന്നിടത്തു ചാകര ഉണ്ടാകണമെന്നുമില്ല. കേരളത്തോട് അടുത്ത തീരങ്ങളിൽ കനത്ത തിരയുള്ളപ്പോഴാണു ചാകര കൂടുതലായി കാണപ്പെടുന്നത്. ജൂണ്,ജൂലൈ മാസങ്ങളിൽ കാണപ്പെടുന്ന ചാകര ചില അവസരങ്ങളിൽ സെപ്റ്റംബർ വരെ നീണ്ടുപോകാറുണ്ട്. ആലപ്പുഴ ജില്ലയിലെ തീരപ്രദേശങ്ങളിലും കടലിലും 2014 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ പഠനം നടത്തിയാണു വിവരശേഖരണം നടത്തിയതെന്നു ഡോ. ദിനേശ് കുമാർ പറഞ്ഞു. നദികളുടെ സാമീപ്യം ചാകരയ്ക്കു കാരണമാകാറുണ്ട്. എന്നാൽ, ആലപ്പുഴയിൽ ഇത്തരത്തിൽ ചാകരയ്ക്കു കാരണമാകുന്ന നദീസാന്നിധ്യം ഇല്ലാത്തതിനാൽ കൃത്യമായ വിവരശേഖരണം സാധ്യമാകുമെന്നതിനാലാണ് ആലപ്പുഴയെ പഠനത്തിനായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.ചാകരയെക്കുറിച്ചും അതിന്റെ സാമൂഹ്യ സ്വാധീനത്തെക്കുറിച്ചും കൊച്ചി ബോൾഗാട്ടി പാലസിൽ ഇന്നലെ ആരംഭിച്ച ദേശീയ ശിൽപശാലയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ ഡോ.കെ.കെ.സി. നായർ, ഡോ.ടി.പങ്കജാക്ഷൻ എന്നിവരും പങ്കെടുത്തു.