ലോ അക്കാഡമി: LDFnuതിരിച്ചടിയെന്നു വി. മുരളീധരൻ
- 10/02/2017

പാലക്കാട്: സംഘടിത വിദ്യാർഥി ശക്തിക്കുമുന്നിൽ സർക്കാരിനു മുട്ടുമടക്കേണ്ടിവന്നുവെന്നതാണു ലോ അക്കാഡമി സമരം നൽകുന്ന പാഠമെന്നു ബിജെപി ദേശീയ നിർവാഹക സമിതിയംഗം വി. മുരളീധരൻ. മാനേജ്മെന്റിനെ സംരക്ഷിക്കാൻ സർക്കാർ ഏതറ്റം വരെയും പോകാൻ തയാറായിരുന്നു. ഈ നിലപാടിനു കിട്ടിയ തിരിച്ചടിയാണു സമരവിജയം.വിദ്യാർഥി സംഘടനകളുടെ കുത്തകയുണ്ടെന്ന് അവകാശപ്പെടുന്ന എസ്എഫ്ഐക്കും ഇതു കനത്ത ആഘാതമായി. സമര വിജയത്തിൽ ഒരു പങ്കുവഹിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്ന് മുരളീധരൻ പറഞ്ഞു. പാമ്പാടി നെഹ്റുകോളേജിൽ ജിഷ്ണു പ്രണോയ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും കേരള ടെക്നിക്കൽ സർവകലാശാലയും അടിയന്തരമായി ഇടപെടണം. ജില്ലാ കളക്ടർ നാമമാത്രമായ കൂടിയാലോചന നടത്തിയതല്ലാതെ വിദ്യാർഥികളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. സർക്കാർ ഇടപെട്ടില്ലെങ്കിൽ ബിജെപി തുടർനടപടിയെക്കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. കഞ്ചിക്കോട് സംഭവത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെയും ഗുണപരമായ ഒരു നടപടിയും ഉണ്ടായില്ല. ബിജെപി നടത്തിയ ദേശീയപാത ഉപരോധ സമരത്തെ പോലീസ് നേരിട്ട രീതി ശരിയായില്ലെന്നും മുരളീധൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ബിജെപി മധ്യമേഖല ജനറൽ സെക്രട്ടറി പി. വേണുഗോപാൽ, ജില്ലാ പ്രസിഡന്റ് അഡ്വ. ഇ. കൃഷ്ണദാസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.