ആധാർവേണം മൊബൈൽ കണക്ഷൻന്
- 08/02/2017

മൊബൈൽ ഫോണ് കണക്ഷന് ആധാർ നിർബന്ധമാക്കുന്നു ന്യൂഡൽഹി: രാജ്യത്തെ എല്ലാ മൊബൈൽ ഫോണ് ഉപഭോക്താക്കളുടെ മേൽവിലാസം അടക്കമുള്ള വിശദാംശങ്ങൾ ഒരു വർഷത്തിനുള്ളിൽ പരിശോധിക്കുമെന്ന് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ. പുതിയ ഉപഭോക്താക്കളുടെ വേരിഫിക്കേഷനു വേണ്ടി ഉചിതമായ സംവിധാനം കൊണ്ടുവരുമെന്നും മൊബൈൽ ഫോണ് കണക്ഷന് ആധാർ നിർബന്ധമാക്കുന്നതു പരിഗണനയിലാണെന്നും കേന്ദ്ര സർക്കാരിനു വേണ്ടി അറ്റോർണി ജനറൽ മുകുൾ റോഹ്്തഗി ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. മൊബൈൽ ഉപഭോക്താക്കളിലെ വ്യാജന്മാരെ കണ്ടെത്താൻ ശക്തമായ സംവിധാനം ഏർപ്പെടുത്താൻ സർക്കാരിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് എൻജിഒയായ ലോക്നീതി ഫൗണ്ടേഷൻ നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. ഉപഭോക്താക്കളുടെ അസൽ രേഖകളും മേൽവിലാസവും കെവൈസി അപേക്ഷകൾ മുഖേന പരിശോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പുതിയ കണക്ഷനുള്ള വേരിഫിക്കേഷനു പുതിയ സംവിധാനം കൊണ്ടുവരുമെന്നും എജി വ്യക്തമാക്കി. മൊബൈൽ കണക്ഷന് ആധാർ നന്പർ മാനദണ്ഡമാക്കണമെന്ന ആവശ്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും മുകുൾ റോഹ്ത്തഗി അറിയിച്ചു. സർക്കാരിന്റെ വിശദീകരണത്തിൽ സംതൃപ്തി അറിയിച്ച ചീഫ് ജസ്റ്റീസ് ഹർജി തീർപ്പാക്കി.