ലോഅക്കാഡമിസമരം ബിജെപിക്കുഗുണം വി.എസ്
- 02/02/2017

തിരുവനന്തപുരം: ലോ അക്കാഡമി സമരത്തിൽ സർക്കാർ കൈക്കൊള്ളുന്ന നിലപാടു ബിജെപിക്കു രാഷ്ട്രീയമായി ഗുണം ചെയ്യുന്നതാണെന്നു മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ. കോളജിലെ ഒരു സംഘടനയിലും പെടാത്ത പെണ്കുട്ടികളാണു പ്രിൻസിപ്പൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു സമരമുഖത്തുള്ളതെന്നും ഇതു ഗൗരവമായി പാർട്ടിയും സർക്കാരും കണ്ടില്ലെങ്കിൽ സമരം കൈവിട്ടുപോകുമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ വി.എസ്. അറിയിച്ചു.വിദ്യാർഥി സമരത്തെ ബിജെപി രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതു നോക്കിനിൽക്കാനാകില്ലെന്നും വേണ്ടിവന്നാൽ വിദ്യാർഥികൾക്കൊപ്പം താനും സമരപ്പന്തലിൽ നിരാഹാരമിരിക്കുമെന്നും വി.എസ് പാർട്ടി ജനറൽ സെക്രട്ടറിയെ ഇന്നലെ അറിയിക്കുകയും ചെയ്തു. ഇതിനു മുന്നോടിയായി ഇന്നോ നാളയോ അദ്ദേഹം വീണ്ടും ലോ അക്കാഡമിയുടെ മുന്നിലേയ്ക്കു പോകാനും സാധ്യതയുണ്ട്.ലോ അക്കാഡമിയിലെ വിദ്യാർഥി സമരത്തെ സർക്കാരും പാർട്ടിയും കൈകാര്യം ചെയ്ത രീതി ശരിയല്ലെന്ന നിലപാടിലാണു സിപിഎം കേന്ദ്ര നേതൃത്വം. മാനേജുമെന്റിന് അനുകൂലമായ നിലപാടാണു സർക്കാർ സ്വീകരിക്കുന്നതെന്ന ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രിൻസിപ്പലിനെ രാജിവയ്പിച്ചു സമരം ഒത്തുതിർപ്പാക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം ശ്രമിക്കാത്തതിൽ സിപിഎം കേന്ദ്ര നേതൃത്വം അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെയാണു ലോ അക്കാഡമി വിഷയം സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്തതെന്നാണു പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ പറയുന്നത്.ലോ അക്കാഡമിക്കു സർക്കാർ നൽകിയ ഭൂമി ദുരുപയോഗം ചെയ്തെന്ന പരാതിയിന്മേൽ റവന്യൂ മന്ത്രി തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വി.എസിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണു പരാതി പരിശോധിക്കാൻ മന്ത്രി റവന്യൂ സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. എന്നാൽ തന്നോട് ആലോചിക്കാതെ അന്വേഷണത്തിന് ഉത്തരവിട്ട മന്ത്രിയുടെ നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തിൽ മന്ത്രി ഇ.ചന്ദ്രശേഖരനെ മുഖ്യമന്ത്രി അറിയിക്കുകയും ചെയ്യും. ഇതിനിടെ അന്വേഷണം നീതിപൂർവകമാകണമെന്നു മന്ത്രി ചന്ദ്രശേഖരനു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർദേശം നൽകി. അന്വേഷണ പുരോഗതി മന്ത്രിസഭയെ ബോധ്യപ്പെടുത്തുന്നതോടൊപ്പം പാർട്ടി സെന്ററിനേയും അറിയിക്കണമെന്നാണു മന്ത്രിക്കു കാനം രാജേന്ദ്രൻ നിർദേശം നൽകിയിട്ടുള്ളത്. ലോ അക്കാഡമി സമരം 21-ാം ദിവസം പിന്നിട്ടിട്ടും വിഷയം ചർച്ച ചെയ്യാൻ ഇടതുമുന്നണി യോഗം വിളിക്കാത്തതിൽ സിപിഐയും മറ്റു ഘടകകക്ഷികളും അതൃപ്തരാണ്. സമരം ബിജെപി ഹൈജാക്ക് ചെയ്തുകൊണ്ടുപോയെന്ന അഭിപ്രായമാണ് ഇടതുമുന്നണിയിലെ ഘടകകക്ഷികൾക്കുള്ളത്. 11 ഏക്കറോളം വരുന്ന സർക്കാർ ഭൂമി അക്കാഡമിയിൽ നിന്നു തിരിച്ചുപിടിക്കണമെന്ന നിലപാടിലാണു ഘടകകക്ഷികളെല്ലാം. സമരത്തിന്റെ ഗൗരവം മനസിലാക്കി സർക്കാർ നടപടിയെടുത്തില്ലെങ്കിൽ വിദ്യാർഥികൾക്കൊപ്പം സമരമിരിക്കുമെന്ന വി.എസ്. അച്യുതാനന്ദന്റെ നിലപാട് സിപിഎം സംസ്ഥാന നേതൃത്വത്തിനും സർക്കാരിനും ഒരുപോലെ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. സമരത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്നലെ ഒരു സംഘം വിദ്യാർഥിനികൾ അച്യുതാനന്ദനെ കാണാൻ അദ്ദേഹത്തിന്റെ ഒൗദ്യോഗിക വസതിയിലെത്തി. ധൈര്യപൂർവം സമരവുമായി മുന്നോട്ടുപോകൂവെന്നായിരുന്നു വിദ്യാർഥികൾക്കു വി.എസ് നൽകിയ മറുപടി. ഭൂ പ്രശ്നമടക്കമുള്ള വിഷയത്തിൽ വി.എസിനൊപ്പം നിലകൊള്ളാനാണു സിപിഐ സംസ്ഥാന നേതൃത്വവും ആഗ്രഹിക്കുന്നത്. എന്നാൽ, സർക്കാരിനെ ക്ഷീണിപ്പിക്കുന്ന ഒരു നീക്കവും പാർട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്ന അഭിപ്രായമാണു പാർട്ടിയിലെ കാനം വിരുദ്ധരുടെ നിലപാട്.