രാജ്യത്തെക്യൂവിൽ നിർത്തിയവർക്കുമറുപടിയുമായി അഖിലേഷുംരാഹുലും
- 30/01/2017

ന്യൂഡൽഹി: രാജ്യത്തെ ക്യൂവിൽ നിർത്തിയവർക്കു മറുപടി നൽകുമെന്ന പ്രഖ്യാപനവുമായി ഉത്തർപ്രദേശിലെ ലക്നോവിൽ കോണ്ഗ്രസിന്റെയും സമാജ്വാദി പാർട്ടിയുടെയും സംയുക്ത റോഡ് ഷോ. ഉത്തർപ്രദേശിൽ രൂപീകൃതമായ സഖ്യം 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായ നീക്കമാണെന്നു സൂചന നൽകിയ കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും യുപി മുഖ്യമന്ത്രി അഖിലേഷ് യാദവും, ആർഎസ്എസും ബിജെപിയും ഉയർത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുമെന്നും പ്രഖ്യാപിച്ചു. ഉത്തർപ്രദേശിന്റെ വികസനത്തിനുള്ള മുന്നേറ്റമായി സൈക്കിളോടിക്കുകയാണ് അഖിലേഷ് യാദവെന്നു രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ, ആ വികസനമാകുന്ന സൈക്കിളിന്റെ രണ്ടു ചക്രങ്ങളാണു രാഹുലും താനുമെന്ന് അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു. ലക്നോവിലെ ഹസറത് ഗഞ്ചിൽനിന്ന് നഗരത്തിലെ ക്ലോക് ടവർ വരെയുള്ള ആറു കിലോമീറ്റർ ദൂരത്തിൽ നടത്തിയ സഖ്യത്തിന്റെ ആദ്യ റോഡ് ഷോ തലസ്ഥാനത്തെ ശരിക്കും ഇളക്കിമറിച്ചു. ഹസറത് ഗഞ്ചിലെ ഗാന്ധി പ്രതിമയിൽ മാലയിട്ട് ശ്രദ്ധാഞ്ജലി അർപ്പിച്ചതിനു ശേഷമായിരുന്നു റോഡ് ഷോ. ഗംഗ, യമുന നദികളുടെ സംഗമം എന്നു വിശേഷിപ്പിച്ചാണ് ഉത്തർപ്രദേശിലെ ലക്നോവിൽ രാഹുലും അഖിലേഷും ഒരുമിച്ച് സംയുക്ത പ്രചാരണത്തിനു തുടക്കമിട്ടത്. സംയുക്ത പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോയ്ക്കു മുന്നോടിയായി താജ് ഹോട്ടലിൽ നടത്തിയ പത്രസമ്മേളനത്തിൽ, ഭിന്നിപ്പിച്ചുഭരിക്കുന്ന ബിജെപിക്കെതിരേയുള്ള സഖ്യമാണിതെന്നും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ളതാണെന്നും ഇരുനേതാക്കളും വ്യക്തമാക്കി. സമാധാനത്തിനും സമൃദ്ധിക്കും വികസനത്തിനും വേണ്ടിയാണ് ഈ സഖ്യം. രണ്ടു പാർട്ടികളും തമ്മിൽ പല വ്യത്യാസങ്ങളുണ്ട്. എന്നാൽ, ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിനുവേണ്ടിയുള്ള യുവാക്കളുടെ ലക്ഷ്യം നിറവേറ്റുന്നതിനായാണ് പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്ത് ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ തങ്ങൾ തീരുമാനിച്ചത്. ഇതു ജനങ്ങളുടെ സഖ്യമാണ്. അതുകൊണ്ട് എല്ലാ സീറ്റുകളിലും വിജയിക്കുമെന്ന കാര്യത്തിൽ തങ്ങൾക്കു സംശയമില്ല. വികസന പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ നടക്കുമെന്നും അമേത്തി, റായ്ബറേലി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥിനിർണയം സംബന്ധിച്ച പ്രശ്നങ്ങളെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അഖിലേഷ് മറുപടി നൽകി. സീറ്റ് നിർണയം സംബന്ധിച്ച കാര്യത്തിൽ പാർട്ടികളുടെ കേന്ദ്ര നേതൃത്വം ഇടപെടേണ്ട വിഷയങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സമവായങ്ങളുണ്ടാകുമെന്നും ഗുരുതരമായ ഒരു പ്രശ്നവും നിലവിലില്ലെന്നും രാഹുൽ ഗാന്ധിയും വ്യക്തമാക്കി