ആർഎസ്എസ് അക്രമം ബോധപൂർവം: വി.എസ്
- 28/01/2017

തിരുവനന്തപുരം: നാട്ടിലെ സമാധാനജീവിതം തകർക്കാൻ ആർഎസ്എസും ബിജെപിയും ബോധപൂർവം അക്രമം അഴിച്ചുവിടുകയാണെന്നു മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ യോഗ സ്ഥലത്തിനടുത്തേക്കു ബോംബെറിഞ്ഞു ഭീകരത സൃഷ്ടിച്ചതും ഒടുവിൽ ആർഎസ്എസുകാർ തന്നെ കൊലപ്പെടുത്തിയ ജിജേഷിന്റെ സ്മാരകത്തിൽ കരിഓയിൽ ഒഴിച്ചതും സമാധാനം തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.ബോധപൂർവം പ്രകോപനം സൃഷ്ടിച്ചു കുഴപ്പങ്ങളുണ്ടാക്കാനാണു നരേന്ദ്ര മോദി ഭരണത്തിന്റെ തണലിൽ ആർഎസ്എസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അക്രമികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും പോലീസിന്റെ ഭാഗത്തുനിന്നും ഒരു കാരണവശാലും അലംഭാവമുണ്ടാവരുതെന്നും വി.എസ് ആവശ്യപ്പെട്ടു.