ദ്രോഹിച്ചതിന്റെ പ്രതികാരമായാണു കൊലപ്പെടുത്താൻ തീരുമാനിച്ചത്.
- 28/01/2017

തളിപ്പറമ്പ്: യുവാവിനെ മർദിച്ചുകൊന്ന സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. ബക്കളം പുന്നക്കുളങ്ങരയിലെ മോട്ടന്റകത്ത് അബ്ദുൾ ഖാദറിനെ കൊലപ്പെടുത്തിയെന്ന കേസിൽ വായാട് സ്വദേശികളായ പന്തൽ പണിക്കാരൻ കെ.സി.നൗഷാദ് (24), കേളോത്ത് ശിഹാബുദ്ദീൻ (27), സി.ടി. മുഹാസ്(21), എം.അബ്ദുള്ളക്കുട്ടി(25), പണിക്കരകത്ത് സിറാജ്(28) എന്നിവരാണ് അറസ്റ്റിലായത്.തളിപ്പറമ്പ് സിഐ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25നു പുലർച്ചെ ബക്കളം പുന്നക്കളങ്ങരിയിലെ വീട്ടിൽനിന്ന് അബ്ദുൾഖാദറിനെ ഒരുസംഘം ബലമായി പിടിച്ചുകൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. പിടിയിലായവർ പോലീസിനോടു പറഞ്ഞതിങ്ങനെ: തങ്ങളെയും ബന്ധുക്കളെയും ഖാദർ നിരന്തരം ദ്രോഹിച്ചതിന്റെ പ്രതികാരമായാണു കൊലപ്പെടുത്താൻ തീരുമാനിച്ചത്.24 നു സന്ധ്യയോടെ തന്നെ ഒത്തുചേർന്നു കാര്യങ്ങൾ ആസൂത്രണം ചെയ്തശേഷം വാടകയ്ക്കെടുത്ത സ്വിഫ്റ്റ് കാറിലാണു ബക്കളത്തെത്തിയത്. ആളൊഴിഞ്ഞ പറമ്പിൽ കാർ ഒളിപ്പിച്ചു ഖാദറിന്റെ വീടിനു സമീപത്തെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ഒളിച്ചുനിന്നു. നൗഷാദ് ധർമശാലയിലെത്തി ഭക്ഷണം കഴിച്ചശേഷം മുളകുപൊടി, കുരുമുളകുപൊടി എന്നിവയും മറ്റുള്ളവർക്കുള്ള ഭക്ഷണവും വാങ്ങി തിരികെ ബക്കളത്ത് എത്തി.ഖാദർ വരുന്നതു കാത്തിരുന്ന സംഘം പുലർച്ചെ 2.20 നാണ് ഇയാൾ വീട്ടിലേക്കു പോകുന്നതു കണ്ടത്. വീട്ടിലെത്തി അകത്തുകടന്ന ഖാദർ ലൈറ്റണച്ചു വീണ്ടും പുറത്തിറങ്ങിയതോടെ പോലീസ് എന്ന വ്യാജേന ബലമായി പിടികൂടി. ബഹളം കേട്ട് എത്തിയവരോടു തങ്ങൾ പോലീസാണെന്നു പറഞ്ഞു. തുടർന്നു തൊട്ടടുത്ത കാനപ്രം വയലിൽ കൊണ്ടുപോയി മർദിച്ചു. കണ്ണിൽ മുളക്പൊടിയും കുരുമുളക്പൊടിയും ചേർത്ത മിശ്രിതം പ്രയോഗിച്ചതിനു ശേഷം കൈകാലുകൾ കൂട്ടിക്കെട്ടി കാറിൽ പരിയാരം കാരക്കുണ്ടിലേക്കു കൊണ്ടുപോയി. അവിടെ ജലാശയത്തിനു സമീപത്തുവച്ചു മുളവടികൊണ്ടു തല്ലിച്ചതയ്ക്കുകയായിരുന്നു.തുടർന്ന് അർധപ്രാണനോടെ പുലർച്ചെ 5.45 നു വായാട് പള്ളിക്കു സമീപം റോഡരികിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. ജീവനുവേണ്ടിയുള്ള പിടച്ചിൽ നാട്ടുകാർ കാണുന്നതിനാണു റോഡരികിൽ ഉപേക്ഷിച്ചതെന്നും ഇവർ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. പ്രതികളിലൊരാളായ ശിഹാബുദ്ദീൻ ഖത്തറിൽനിന്നു നാട്ടിൽ അവധിക്കു വന്നയാളാണ്. ഇയാളുടെ പിതാവിന്റെ കട മുമ്പു ഖാദർ നശിപ്പിച്ചിരുന്നുവത്രെ. ഒന്നാം പ്രതി നൗഷാദിന്റെ ബൈക്ക് രണ്ടുവർഷം മുമ്പു ഖാദർ കത്തിച്ചതായും പറയുന്നു. നിരന്തരമായി പലരേയും ദ്രോഹിച്ചതും ഖാദറിന്റെ കുട്ടികളെ മദ്രസയിൽ പഠിപ്പിക്കുന്ന രണ്ട് അധ്യാപകരേയും കുടുംബത്തേയും ഭീഷണിപ്പെടുത്തി നാട്ടിൽനിന്ന് ഓടിച്ചതും ഉൾപ്പെടെയുള്ള പ്രവൃത്തികൾ മൂലമുള്ള മുൻവിരോധമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പോലീസ് പറഞ്ഞു. കാലിനും കൈകൾക്കും വെട്ടേറ്റ നിലയിലുള്ള ഖാദറിന്റെ മൃതദേഹത്തിൽ 42 മുറിവുകളുണ്ടെന്നു പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. പ്രതികൾ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഖാദറിനെ പിടിച്ചുകൊണ്ടുപോയ സംഘത്തിൽ പത്തിലധികം പേർ ഉണ്ടായിരുന്നതായി ഉമ്മ ഉൾപ്പെടെയുള്ള ബന്ധുക്കൾ പോലീസിനോടു പറഞ്ഞിരുന്നു. പിണങ്ങിനിൽക്കുന്ന ഭാര്യ ഖാദറിനെ പിടിച്ചുകൊണ്ടുപോയ ദിവസം വീട്ടിലെത്തിയിരുന്നു. എന്നാൽ ഖാദർ മരിച്ച വിവരം അറിഞ്ഞതോടെ ഇവർ ഓട്ടോറിക്ഷയിൽ വായാട്ടെ വീട്ടിലേക്കു പോയെങ്കിലും മൃതദേഹം കാണാൻ തയാറായില്ല. ഖാദറിനെ പിടിച്ചുകൊണ്ടുപോയതുൾപ്പെടെയുള്ള ദൃശ്യങ്ങൾ ബക്കളം പുന്നക്കുളങ്ങര റോഡിലെ ഒരു സ്ഥാപനത്തിന്റെ സിസിടിവി കാമറയിൽ പതിഞ്ഞതു പോലീസ് പരിശോധിക്കുന്നുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകാനിടയുണ്ടെന്നാണു സൂചന. അറസ്റ്റിലായ മൂന്നാം പ്രതി മുഹാസ് പരിയാരം എസ്ഐ രാജനെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനു കസ്റ്റഡിയിൽ വാങ്ങുന്നതിനു കോടതിയിൽ ഇന്ന് അപേക്ഷ നൽകുമെന്നു സിഐ കെ.ഇ. പ്രേമചന്ദ്രൻ പറഞ്ഞു. അന്വേഷണ സംഘത്തിൽ എസ്ഐമാരായ കെ. പ്രഭാകരൻ, മനോഹരൻ, അനിൽ ബാബു, പുഷ്പൻ, ജൂണിയർ എസ് ഐ പ്രജീഷ്, സീനിയർ സിപിഒ തമ്പാൻ, സിപിഒ ജാബിർ എന്നിവരും ഉണ്ടായിരുന്നു.