അപ്രിയസത്യങ്ങൾ തുറന്നുപറയാൻചെറുപ്പക്കാരെ അനുവദിക്കണംആന്റണി
- 28/01/2017

തിരുവനന്തപുരം: അപ്രിയ സത്യങ്ങൾ തുറന്നുപറയാൻ ചെറുപ്പക്കാരെ അനുവദിക്കണമെന്നും സത്യം തുറന്നു പറയുന്നവരെ മുമ്പു മാറ്റി നിർത്തിയിരുന്നുവെങ്കിൽ ഇന്നത്തെ മുതിർന്ന നേതാക്കളാരും ഉണ്ടാകുമായിരുന്നില്ലെന്നും കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി. കെപിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ.കെ. വിശ്വനാഥൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യുവതലമുറ രാഷ് ട്രീയത്തോടു വിമുഖത കാട്ടുന്ന ഈ കാലഘട്ടത്തിൽ ചെറുപ്പക്കാരെ കൂടുതലായി കോണ്‍ഗ്രസിലേക്കു കൊണ്ടു വരുന്നതിന് ആവശ്യമായ നടപടികൾ പാർട്ടി നേതൃത്വം കൈക്കൊള്ളണം. സാമൂഹിക നീതി സംരക്ഷിക്കാൻ രാഷ് ട്രീയ നേതൃത്വത്തിന്റെയും സർക്കാരിന്റെയും ഇടപെടൽ അനിവാര്യമാണ്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർക്കു സാമൂഹിക നീതി നിഷേധിക്കപ്പെടുന്നു.ലോകനിലവരാത്തിലുള്ള വികസനമാണ് എല്ലാവരും സ്വപ്നം കാണുന്നത്. എന്നാൽ, അത് നമ്മുടെ സാമൂഹിക വ്യവസ്ഥയെ തകർക്കുന്നതാവരുത്. വികസനത്തിന്റെ പ്രതിഫലനമായുള്ള സന്പത്ത് ഒരു വിഭാഗത്തിന്റെ കൈകളിൽ മാത്രം കേന്ദ്രീകരിക്കുന്നതു സമൂഹത്തിൽ ഏതു നിമിഷവും പൊട്ടിത്തെറിയുണ്ടാക്കാം. ഒരു ഭാഗത്തു വികസനം എന്നു പറയുമ്പോൾ മറു ഭാഗത്തു സാമൂഹിക നീതി നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ട്.രാജ്യത്തെ സമ്പത്തിന്റെ 58 ശതമാനവും 60 പേരുടെ കൈകളിൽ മാത്രം ചുരുങ്ങുന്നത് അപകടകരമാണ്. രാജ്യത്തു ഭരണകൂടം തന്നെ ഭരണവിരുദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു. കേരളത്തിലെയും അവസ്ഥ വ്യത്യസ്തമല്ലെന്നും ആന്റണി പറഞ്ഞു.