തലമുറകളുടെ അനുഭവ സമ്പത്താണ്വികസനത്തിന്റെ വേരുകൾ: ഉമ്മൻ ചാണ്ടി
- 21/11/2016

കോട്ടയം: മുൻതലമുറകളുടെ ത്യാഗമാണ് നാടിന്റെ വികസനത്തിന് അടിത്തറയാകുന്നതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി എംഎൽഎ. ദർശന അന്താരാഷ്ര്‌ട പുസ്തകമേളയോടനുബന്ധിച്ച് നടന്ന വജ്രകേരളം, കേരളത്തിന്റെ അറുപതാം പിറന്നാൾ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിർന്നവരെയും നാടിനും നാട്ടാർക്കും നന്മ ചെയ്യുന്നവരെയും ആദരിക്കുന്നവർക്ക് ആയുസും ഐശ്വര്യവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറുപതാം പിറന്നാളിന്റെ ഭാഗമായി കോട്ടയത്തിന് വിശിഷ്‌ട സംഭാവനകൾ നൽകിയ വിശിഷ്‌ട വ്യക്‌തികളെ ആദരിക്കുന്ന ചടങ്ങായിരുന്നു മുഖ്യപരിപാടി. ജോസ് കെ. മാണി എംപി അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. എം.എം. ജേക്കബ്, എം.പി. ഗോവിന്ദൻനായർ, ഇറഞ്ഞാൽ രാമകൃഷ്ണൻ, ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. ജസ്റ്റിൻ കാളിയാനിയിൽ സിഎംഐ എന്നിവർ പ്രസംഗിച്ചു. എഴുത്തുംവായനയും പരിപാടിയിൽ ജി.ആർ. ഇന്ദുഗോപൻ എഴുതിയ കൊല്ലപ്പാടി ദയ എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച നടന്നു. ബോബി കെ. മാത്യു മോഡറേറ്ററായിരുന്നു. ജോസ് ടി. തോമസിന്റെ ഭാവി വിചാരം എന്ന കൃതിയെക്കുറിച്ചുള്ള ചർച്ച രാജ്യസഭ വൈസ് ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു.എഴുത്തുകാരും മാധ്യമ സംസ്കാരവും സംവാദം ഡോ. എം.ആർ. ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഡോ. തോളൂർ ശശിധരൻ അധ്യക്ഷത വഹിക്കും. ഡോ. ജെ. പ്രമീള ദേവി മുഖ്യപ്രഭാഷണം നടത്തി. പ്രഫ. നെടുങ്കുന്നം രഘുദേവ് വിഷയം അവതരിപ്പിച്ചു. ഡോ. ടി.എൻ. പരമേശ്വരക്കുറുപ്പ്, രാജു പാമ്പാട്ടി, തറയിൽ ബഷീർ, സി.സി. ചമ്പക്കര, ളാക്കാട്ടൂർ പുരുഷോത്തമൻനായർ മേമുറി ശ്രീനിവാസൻ, ബേബി കാണക്കാരി, സഖറിയ കുര്യൻ എന്നിവർ പങ്കെടുത്തു.പുസ്തകമേളയിൽ ഇന്ന് ജോൺ സാമുവലിന്റെ നോവല്ലെകൾ, മലയാള ലാളന എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ഡോ. സെൽവി സേവ്യർ, മണർകാട് മാത്യു, അനിയൻ മാത്യു, സക്കറിയ കുര്യൻ, പ്രഫ. ജയിംസ് ഗുരുദാസ്, എം.ജി. ശശിധരൻ, ജി. കൃഷ്ണസ്വാമി എന്നിവർ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് വിദ്യാഭ്യാസ കാര്യങ്ങൾക്കുള്ള മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗങ്ങളെ സംബന്ധിച്ചുള്ള സെമിനാർ നടക്കും. എഴുത്തും വായനയും പരിപാടിയിൽ മധുപാലിന്റെ അവർ (മാർ) ജാരപുത്രൻ അവതരിപ്പിക്കപ്പെടും. എ.വി. ശ്രീകുമാർ അധ്യക്ഷത വഹിക്കും. തുടർന്ന് ദർശന നാടകോത്സവം പുരസ്കാരങ്ങൾ ചലച്ചിത്ര നടൻ എം.ആർ. ഗോപകുമാർ വിതരണം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും