വിവരാവകാശനിയമത്തിൽ വെള്ളംചേർക്കില്ല പിണറായി
- 26/01/2017

തിരുവനന്തപുരം: വിവരാവകാശ നിയമത്തിൽ ഏതെങ്കിലും തരത്തിൽ വെള്ളം ചേർക്കുന്ന തരത്തിലുള്ള നടപടികളൊന്നും സംസ്ഥാന സർക്കാരിൽനിന്നുണ്ടാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിവരാവകാശ ദിനത്തിലെ തന്റെ പ്രസംഗത്തിലെ പരാമർശത്തിന്റെ പേരിൽ വിമർശനം ഉന്നയിച്ച സിപിഐയെയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും പേരെടുത്തു പറയാതെ നിശിതമായി വിമർശിക്കുന്ന പ്രസ്താവനയാണു മുഖ്യമന്ത്രി ഇന്നലെ പുറത്തിറക്കിയത്. അഴിമതിയെക്കുറിച്ചുള്ള വിവരങ്ങൾ വിവരാവകാശനിയമം വഴി ചോദിച്ചിട്ടും കൊടുക്കാതിരുന്ന മുൻ സർക്കാരിനെപ്പോലെയാണ് ഈ സർക്കാരും എന്നു വരുത്തി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് ഇടതുപക്ഷ മൂല്യങ്ങളുടെ താൽപര്യത്തിനല്ല. നിയമത്തിനു വേണ്ടി ദീർഘകാലം പൊരുതിയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിൽക്കുന്ന വ്യക്തിയിൽനിന്നു മറിച്ചൊരു സമീപനം ഉണ്ടാകുമെന്നു കരുതുന്നതിൽ അർഥമില്ല. വിവരാവകാശം സംബന്ധിച്ച നിലപാടിൽ തെറ്റിദ്ധാരണ പടർത്താൻ ശ്രമിക്കുന്നവരുണ്ടാകാം. എന്നാൽ, തെറ്റിദ്ധാരണ പരത്തുന്നവരെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ ചുമതലയുള്ളവർ മറിച്ചൊരു നിലപാടെടുത്താലോ? സിപിഐയെയും കാനത്തെയും പേരെടുത്തു പറയാതെ വിമർശിച്ചു കൊണ്ടു പിണറായി വിജയൻ ചോദിച്ചു. ഭരണരംഗം ശുദ്ധീകരിക്കുന്നതിനു സർക്കാർ നടപടി സ്വീകരിക്കുകയാണ്. വിവരാവകാശ നിയമത്തെ ചിലർ ദുരുപയോഗിക്കുന്നുവെന്നതു പോലും വിവര വിനിമയത്തിനു തടസമായിക്കൂടെന്നു പറഞ്ഞതിലൂടെ സർക്കാർ നിലപാട് വ്യക്തമാണ്. അഴിമതികൾ പുറത്തു പോകാത്ത വിധം രേഖകൾ പൂഴ്ത്തിവയ്ക്കണമെന്നല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.