ഇടപാടുകൾ വിരലടയാളംഉപയോഗിച്ച് ആധാർപേ
- 24/01/2017

ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ആധാർ പേ സംവിധാനവുമായി കേന്ദ്രസർക്കാർ. വിരലടയാളം ഉപയോഗിച്ച് ഇടപാടുകൾ നടത്താവുന്ന സംവിധാനമാണ് ആധാർ പേ. കാർഡുകൾക്കും പിൻനമ്പറുകൾക്കും പകരം ആധാർ പേ ഉപയോഗിച്ചുള്ള ഇടപാടുകൾ വ്യാപകമാക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്. വ്യാപാരികൾക്ക് ആധാർ പേ ഉപയോഗിച്ച് ഡിജിറ്റൽ ഇടപാടുകൾ നടത്താവുന്നതാണ്. ഇതിനായി ആൻഡ്രോയിഡ് ഫോണിൽ ആധാർ പേ ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യണം. ഇതിനുശേഷം ഉപഭോക്താക്കളുടെ ആധാർ നമ്പർ, വിരലടയാളം എന്നിവ ഉപയോഗിച്ച് വ്യാപാരികൾക്ക് ഇടപാടുകൾ നടത്താം. കാർഡുകളോ പിൻ നമ്പറോ ഉപയോഗിക്കാതെതന്നെ ഇടപാടുകൾ നടത്താൻ സാധിക്കുമെന്നതാണ് ആധാർ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണം. വിരലടയാളം രേഖപ്പെടുത്തുന്നതിനായുള്ള ബയോമെട്രിക് ഉപകരണം കൂടി ആവശ്യമാണ്. ഇതിന് എകദേശം 2,000 രൂപയാണു വില. രാജ്യത്തെ പല ബാങ്കുകളും ആധാർ ഉപയോഗിച്ച് ഇടപാടുകൾ നടത്താനുള്ള ആപ്പുകൾ വികസിപ്പിച്ചുകഴിഞ്ഞു. ആധാർ പേ ഉപയോഗിച്ച് ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ ബാങ്കുകൾ കൈകൊള്ളുമെന്നും സൂചനയുണ്ട്. വിരലടയാളം തിരിച്ചറിയുന്ന ഉപകരണത്തിനൊപ്പം ഏത് ആൻഡ്രോയിഡ് ഫോണിലും ആധാർ പേ സംവിധാനം പ്രവർത്തിപ്പിക്കാമെന്നാണ് യുഐഡിഎഐ സിഇഒ എ.ബി. പാണ്ഡേ പറഞ്ഞത്. ആധാർ പേ വഴിയുള്ള ഇടപാടുകൾ അങ്ങേയറ്റം സുരക്ഷിതമാണെന്നാണ് യുഐഡിഎഐ സിഇഒ വ്യക്തമാക്കിയത്. ഉപഭോക്താക്കളുടെ കൈവശം സ്മാർട്ട് ഫോണുകൾ ഉണ്ടായിരിക്കണമെന്നു നിർബന്ധമില്ല. ആധാർ പേ വ്യാപകമാക്കുന്നതിന്റെ ഭാഗമായി ബാങ്കുകളുടെ ഓരോ ശാഖയിലും 40 വ്യാപാരികളെയെങ്കിലും ഈ സംവിധാനത്തിന്റെ ഭാഗമാക്കണമെന്നും സർക്കാർ നിർദേശിക്കുന്നു. നിലവിൽ ആന്ധ്ര ബാങ്ക്, ഐഡിഎഫ്സി, ഇൻഡസ് ഇൻഡ്, എസ്ബിഐ, സിൻഡിക്കറ്റ് ബാങ്ക് തുടങ്ങിയവ ആധാർ പേ സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.