മന്ത്രിസഭാതീരുമാനങ്ങളെല്ലാം പുറത്തുവിടാനാകില്ല പിണറായി
- 21/01/2017

പുറത്തുവിമന്ത്രിസഭാ തീരുമാനങ്ങളെല്ലാം ടാനാകില്ലെന്നു മുഖ്യമന്ത്രി തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം മന്ത്രിസഭാ തീരുമാനങ്ങളെല്ലാം പുറത്തു വിടാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നൽകാനാകാത്തതും നടപ്പാക്കിയശേഷം പുറത്തു വിടേണ്ടതുമായ ചില തീരുമാനങ്ങളുണ്ട്. ചിലതു നടപ്പാക്കും മുമ്പു പുറത്തുവിട്ടാൽ നിരർഥകമാകും. ഇക്കാരണത്താലാണ് കേന്ദ്ര സർക്കാർ മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തു വിടാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ നിയമം വഴി ലഭ്യമാക്കണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരേ സർക്കാർ അപ്പീൽ കോടതിയിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണു വിവരാവകാശ കമ്മീഷൻ സംഘടിപ്പിച്ച വിവരാവകാശ ശിൽപശാല ഉദ്ഘാടനം ചെയ്യവേ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാട് ഉദ്ധരിച്ചു സർക്കാർ നയം മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാൽ, സംസ്ഥാന മന്ത്രിസഭാ തീരുമാനങ്ങൾ മൂടിവയ്ക്കുമോ എന്ന കാര്യം പ്രത്യേകമായി എടുത്തുപറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. വ്യക്തിപരമായ ദുരുദ്ദേശ്യങ്ങൾക്കായി ചിലർ വിവരാവകാശ നിയമം ഉപയോഗിക്കുന്നുണ്ടെന്നു പിണറായി വിജയൻ പറഞ്ഞു. ഇത്തരക്കാരെ തിരിച്ചറിയണം.എന്നാൽ, ഇതിന്റെ പേരിൽ വിവരാവകാശ നിയമത്തെ ഇരുമ്പു മറയ്ക്കുള്ളിൽ ആക്കാൻ ശ്രമിക്കില്ല. മുഖ്യ വിവരാവകാശ കമ്മീഷണറെന്ന നിലയിൽ മികച്ച പ്രവർത്തനമാണ് വിൻസൻ എം. പോൾ നടത്തുന്നത്. കമ്മീഷൻ അംഗങ്ങളുടെ കുറവു പരിഹരിക്കുന്ന കാര്യം നിയമക്കുരുക്കിൽ പെട്ടിരിക്കുകയാണ്. ഇതു പരിഹരിക്കാൻ ശ്രമം നടന്നുവരുന്നു. വിവരാവകാശ കമ്മീഷനു സ്വന്തമായി കെട്ടിടം സ്ഥാപിക്കുന്ന കാര്യവും സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വി.എസ്. ശിവകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, പൊതുഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ഷീലാ തോമസ്, മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം. പോൾ, കമ്മീഷൻ സെക്രട്ടറി എൻ. വിജയകുമാർ, എം.എൻ. ഗുണവർധൻ, എസ്.എ. രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു.