മരുന്നുവിതരണം ഫാർമസിസ്റ്റുകൾക്ക് : ഹൈക്കോടതി
- 21/01/2017

മരുന്നു വിതരണം ഫാർമസിസ്റ്റുകൾ മാത്രമേ ചെയ്യാവു: ഹൈക്കോടതി കൊച്ചി: മെഡിക്കൽ സ്റ്റോറുകളിലും മരുന്നു വിതരണ കേന്ദ്രങ്ങളിലും ഫാർമസിസ്റ്റ് ഇല്ലാതെ മരുന്നു വിതരണം ചെയ്യുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഫാർമസിസ്റ്റുകൾ ഇല്ലാതെ മരുന്നു വിതരണം ചെയ്യുന്നതിനെതിരേ കേരള ഫാർമസിസ്റ്റ്സ് ഓർഗനൈസേഷൻ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. 2015 ലെ ഫാർമസി പ്രാക്ടീസ് റെഗുലേഷൻ ഉൾെ പ്പടെയുള്ള നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ചാണ് മെഡിക്കൽ സ്റ്റോറുകളും മരുന്നു വിതരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നതെന്നും ഇതിനെതിരേ സർക്കാർ നടപടി എടുക്കുന്നില്ലെന്നുമാണ് ഹർജിക്കാരുടെ ആക്ഷേപം. എന്നാൽ മെഡിക്കൽ സ്റ്റോറുകളുടെ പ്രവർത്തനം വിലയിരുത്താൻ ജില്ലകൾ തോറും ഫാർമസി ഇൻസ്പെക്ടർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് കേരള സ്റ്റേറ്റ് ഫാർമസി കൗണ്‍സിൽ രജിസ്ട്രാർ വ്യക്തമാക്കി. സ്വകാര്യ മേഖലയിലായാലും സർക്കാർ മേഖലയിലായാലും ഫാർമസിസ്റ്റ് ഇല്ലാതെ മരുന്നു വിതരണം അനുവദിക്കാനാവില്ലെന്ന നിലപാടാണ് ഡ്രഗ്സ് കണ്ട്രോളറും സ്വീകരിച്ചത്. ഈ വിശദീകരണങ്ങൾ കൂടി കണക്കിലെടുത്താണ് ഫാർമസിസ്റ്റില്ലാതെ മരുന്നു വിതരണം ചെയ്യുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഫാർമസിസ്റ്റുകളില്ലാതെ മരുന്നു വിതരണം ചെയ്യുന്നത് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണം. ഫാർമസിസ്റ്റുകളുടെ ജോലി സമയം നിയമാനുസൃതമായാണ് നിശ്ചയിച്ചിട്ടുള്ളതെന്നും സർക്കാർ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി.