സഹകരണപ്രതിസന്ധി: കേന്ദ്രംതെറ്റുതിരുത്തണം മുഖ്യമന്ത്രി
- 19/01/2017

തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനെത്തുടർന്ന് സഹകരണ ബാങ്കുകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയിൻ. നബാർഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വായ്പാ വിശകലന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റിസർവ് ബാങ്കിന്റെ വലിയ അവമതിക്കലിനാണ് സംസ്ഥാനത്തെ സഹകരണ മേഖല ഇരയായത്. പക്ഷേ ഈ അവമതിക്കലൊന്നും ജനങ്ങൾക്കിടയിൽ സഹകരണമേഖലയോട് ഉണ്ടായില്ല. സഹകരണ ബാങ്കുകളിൽ കൊള്ളരുതായ്മ നടക്കുന്നുവെന്നും കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളാകുന്നു എന്നൊക്കയായി രുന്നു പ്രചാരണങ്ങൾ. ഇതിന്റെ തുടർച്ചയായി ആദായനികുതി വകുപ്പിന്റെ പരിശോധനയും ചില ബാങ്കുകളിൽ നടന്നു. എന്നാൽ, വിവരാവകാശപ്രകാരം ചോദിച്ചപ്പോൾ നല്കിയ മറുപടിയിൽ റിസർവ് ബാങ്ക് തന്നെ വ്യക്തമാക്കുന്നത് സഹകരണ ബാങ്കുകളിൽ കള്ളപ്പണമില്ലെന്നാണ്. സഹകരണ ബാങ്കുകൾക്ക് കെവൈസി നിർബന്ധമാക്കുന്നതിൽ ഒരു പ്രശ്നവുമില്ല. പ്രത്യേക നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾ ഇനി മുതൽ ജനകീയ പ്രവർത്തനങ്ങൾ നിർത്തണമെന്നു പറയുന്നതു ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.