മദ്യപാനം മൗലികാവകാശമല്ല
- 19/01/2017

കൊച്ചി: മദ്യപിക്കാനുള്ള അവകാശം മൗലികാവകാശമല്ലെന്നും സർക്കാരിന്റെ മദ്യനയം മൗലികാവകാശ ലംഘനമല്ലെന്നും ഹൈക്കോടതി. മദ്യത്തിനു നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാരിനു കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി.മദ്യത്തിനു നിയന്ത്രണം ഏർപ്പെടുത്തുന്ന സർക്കാരിന്റെ മദ്യനയം സ്വകാര്യതയ്ക്കും മൗലികാവകാശത്തിനും മേലുള്ള കടന്നുകയറ്റമായി വിലയിരുത്തി റദ്ദാക്കണമെന്ന അപ്പീൽ ഹർജി തള്ളിയാണു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പെരുമ്പാവൂർ വളയംചിറങ്ങരയിലെ ടാപ്പിംഗ് തൊഴിലാളി എം.എസ്. അനൂപ് ആണ് അപ്പീൽ ഹർജി നൽകിയത്. തനിക്ക് ഉൻമേഷവും ആശ്വാസവും നൽകുന്നതു മദ്യമാണെന്നും മദ്യം തന്റെ ഭക്ഷണക്രമത്തിന്റെ ഭാഗമാണെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. ഈ വാദം അപക്വമെന്നു വിലയിരുത്തിയ ഡിവിഷൻ ബെഞ്ച്, മദ്യത്തിന്റെ ദൂഷ്യവശങ്ങൾ കണക്കു സഹിതം വിവരിച്ചു ഹർജി തള്ളുകയായിരുന്നു. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 57-69 ശതമാനം കേസുകളിലും മദ്യത്തിന് സ്ഥാനമുണ്ടെന്നും കേരളത്തിലെ ആശുപത്രികളിൽ കിടത്തി ചികിത്സ നടത്തുന്ന വരിൽ 19-27 ശതമാനവും മദ്യപാനം മൂലം രോഗികളായവരാണ്. മദ്യത്തിനു നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാരിനു കഴിയും. ഇതു മൗലികാവകാശ ലംഘനമല്ല. ഇന്നു സാമൂഹ്യമായും ധാർമികമായും മദ്യപാനം സ്വീകാര്യമല്ല: ഹൈക്കോടതി ചൂണ്ടിക്കാട്ടി.