മന്ത്രിമാരെല്ലാം തുല്യരെന്നു മുഖ്യമന്ത്രി
- 18/01/2017

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാംഗങ്ങളെല്ലാവരും തുല്യരാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പൊതു ഭരണ വകുപ്പിനു മറുപടി നൽകിയതായി വിവരം ലഭിച്ചു. മന്ത്രിസഭയിലെ രണ്ടാമനാരെന്ന പൊതുഭരണ സെക്രട്ടറിയുടെ ചോദ്യത്തിനു മറുപടിയായാണു മുഖ്യമന്ത്രി മറുപടി നൽകിയത്.ഭരണഘടന പ്രകാരം മുഖ്യമന്ത്രി കഴിഞ്ഞാൽ മന്ത്രിമാരെല്ലാം തുല്യരാണ്. ഇവർക്കു വലുപ്പ ചെറുപ്പമില്ല. പ്രോട്ടോകോൾ പ്രകാരം എല്ലാമന്ത്രിമാരും തുല്യരാണ്. സർക്കാർ ഡയറി അടക്കം മന്ത്രിമാരുടെ പേര് പ്രസിദ്ധീകരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ അക്ഷരമാല ക്രമത്തിൽ പ്രസിദ്ധീകരിക്കണം. മന്ത്രിമാരുടെ പേരുകൾ അക്ഷരമാല ക്രമത്തിൽ പ്രസിദ്ധീകരിക്കുന്നതാണു കീഴ് വഴക്കമെന്നും അറിയിച്ചു. എന്നാൽ, മുഖ്യമന്ത്രിയുടെ മറുപടി അടങ്ങിയ ഫയൽ ഇതുവരെ താൻ കണ്ടിട്ടില്ലെന്നു പൊതു ഭരണ സെക്രട്ടറി ഷീല തോമസ് പറഞ്ഞു.സർക്കാർ ഡയറിയിൽ സിപിഎം മന്ത്രിമാരുടെ പേരിനു താഴെ സിപിഐ മന്ത്രിമാരെ ഉൾപ്പെടുത്തിയതാണു പ്രതിഷേധത്തിനു വഴിവച്ചത്.തുടർന്ന് അന്നു ക്രമം തെറ്റി അച്ചടിച്ച 40,000 ഡയറികൾ വിതരണത്തിനു നൽകേണ്ടതില്ലെന്നു നിർദേശിച്ചിരുന്നു. മന്ത്രിസഭയിലെ രണ്ടാമനായി അറിയപ്പെട്ടിരുന്ന ഇ.പി.ജയരാജന്റെ രാജിക്കു ശേഷം എം.എം. മണി മന്ത്രിയായപ്പോഴാണു മന്ത്രിസഭയിലെ രണ്ടാമൻ ആരെന്ന ചോദ്യം പൊതു ഭരണ സെക്രട്ടറി ഉന്നയിച്ചത്.