ഹജ്ജ് തീർഥാടനത്തിനായി സബ്സിഡി വേണ്ടജലീൽ
- 18/01/2017

ന്യൂഡൽഹി: ഹജ്ജ് തീർഥാടനത്തിനായി സബ്സിഡി നൽകേണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീൽ.ജനങ്ങളുടെ പണമാണ് സബ്സിഡിക്കായി ഉപയോഗിക്കുന്നത് എന്നിരിക്കെ ചില കേന്ദ്രങ്ങളിൽ നിന്നും എതിരായ അഭിപ്രായങ്ങളുയർന്നിട്ടുണ്ട്. മറ്റൊരാളുടെ ചെലവിൽ ഹജ്ജിനു പോകണമോയെന്നു ഹാജിമാർ ചിന്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹജ്ജ് നടപടികൾക്കു മുന്പായി കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു, ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി ജലീൽ. ആഗോള ടെൻഡർ വിളിക്കുകയാണെങ്കിൽ അധിക ചെലവില്ലാതെ വിമാനയാത്ര സാധ്യമാക്കാം. അങ്ങനെ വന്നാൽ സബ്സിഡി വേണ്ടിവരില്ല. ഇക്കാര്യം കേന്ദ്രമന്ത്രിമാരെ ബോധ്യപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.ഹജ്ജ് പുറപ്പെടൽ കേന്ദ്രം നെടുമ്പാശേരിയിൽ നിന്നു കോഴിക്കോടേക്കു മാറ്റണമെന്നും അദ്ദേഹം കേന്ദ്രമന്ത്രിമാരോട് ആവശ്യപ്പെട്ടു. ഹജ്ജ് തീർഥാടകരിൽ 83 ശതമാനവും മലബാറിൽ നിന്നുള്ളവരാണ്. കോഴിക്കോട്ടു വിമാനത്താവളത്തിൽ നിലവിൽ ചെറിയ വിമാനങ്ങൾക്കു മാത്രമാണ് ഇറങ്ങാൻ അനുമതിയുള്ളത്.അതിനാൽ ഹജ്ജ് യാത്രക്കാർക്കായി ചെറിയ വിമാനങ്ങൾ സർവീസ് നടത്തുകയോ അല്ലെങ്കിൽ രണ്ടു പുറപ്പെടൽ സ്ഥലങ്ങൾ നിശ്ചയിക്കുകയോ ചെയ്യണം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന് അനുഭാവപൂർവ്വമായ നിലപാടാണുള്ളതെന്നും പരിഗണിക്കാമെന്ന് ഉറപ്പു നൽകിയതായും ജലീൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ സ്ഥാപിക്കാനിരിക്കുന്ന ന്യൂനപക്ഷ വിഭ്യാഭ്യാസ സമുച്ചയം കേരളത്തിനു നൽകണമെന്നും ഇതിനായി സ്ഥലം നൽകാൻ സർക്കാർ തയാറാണെന്നും മന്ത്രി കെ.ടി. ജലീൽ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വിയെ അറിയിച്ചു. ന്യൂനപക്ഷങ്ങൾക്ക് നൈപൂണ്യ വികസന പദ്ധതികൾ നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കേന്ദ്രം സ്ഥാപിക്കുന്നത്. ഇതിനായി 100 ഏക്കർ സ്ഥലം സംസ്ഥാനം നൽകണം.