കോണ്‍ഗ്രസിലെ പ്രതിസന്ധിക്കു മാറ്റം
- 18/01/2017

തിരുവനന്തപുരം: ഡൽഹി ചർച്ചയോടെ സംസ്ഥാന കോണ്‍ഗ്രസിലെ പ്രതിസന്ധിക്കു താത്കാലിക വിരാമമായി. സംഘടനാ തെരഞ്ഞെടുപ്പ് ഉൾപ്പെടെ ഉമ്മൻ ചാണ്ടി മുന്നോട്ടുവച്ച ആവശ്യങ്ങളിൽ വ്യക്തമായ തീരുമാനമുണ്ടായില്ലെങ്കിലും സംഘടനാ തലത്തിൽ ഉമ്മൻ ചാണ്ടിയുടെയും എ ഗ്രൂപ്പിന്റെയും ആശങ്കകൾക്കു പരിഹാരമായെന്ന നിഗമനമാണ് എ ഗ്രൂപ്പ് കേന്ദ്രങ്ങളിലുള്ളത്. രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നിന്നുൾപ്പെടെ വിട്ടു നിന്ന് പാർട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ ഉമ്മൻ ചാണ്ടി ഇനി സംഘടനാ പരിപാടികളിൽ സംബന്ധിക്കും. പുറമേയെങ്കിലും സംഘടനാ നേതൃത്വത്തിന് ഇത് ആശ്വാസം പകരും. ജനകീയ പ്രക്ഷോഭത്തിന്റെ പരമ്പരയ്ക്കു തന്നെ രൂപം നൽകിയിരിക്കുന്ന കോണ്‍ഗ്രസിനും യുഡിഎഫിനും ഇനി ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്നെന്ന പ്രതീതിയെങ്കിലും സൃഷ്ടിക്കാം. ഘടകകക്ഷികളുടെ അസംതൃപ്തിക്കും ഈ വഴിക്കു പരിഹാരം കാണാൻ സാധിക്കും. ഡിസിസി പ്രസിഡന്റുമാരുടെ നിയമനമായിരുന്നു ഉമ്മൻ ചാണ്ടിയെ പ്രകോപിപ്പിച്ചത്. ഈ വിഷയത്തിൽ പരസ്യമായി ഒരിക്കലും ഉമ്മൻ ചാണ്ടി പ്രതിഷേധിക്കുകയോ പരാതിപ്പെടുകയോ ചെയ്തിട്ടില്ല. എങ്കിലും ഡിസിസി പ്രസിഡന്റുമാരുടെ നിയമനം എ ഗ്രൂപ്പിനാണ് വലിയ നഷ്ടമുണ്ടാക്കിയത്. ഗ്രൂപ്പിനെയും ഉമ്മൻ ചാണ്ടിയെയും അപ്രസക്തമാക്കുന്ന നടപടിയായാണ് എ ഗ്രൂപ്പ് ഇതിനെ കണ്ടത്. എന്നാൽ, ഹൈക്കമാൻഡ് പ്രഖ്യാപിച്ചു കഴിഞ്ഞ നിയമനം എന്ന നിലയിൽ അതിനെ ചോദ്യം ചെയ്യാൻ ഉമ്മൻ ചാണ്ടിയോ ഗ്രൂപ്പ് നേതൃത്വമോ മുതിർന്നില്ല. എങ്കിലും പാർട്ടിയുമായുള്ള നിസഹകരണത്തിലേക്ക് ഉമ്മൻ ചാണ്ടി നീങ്ങിയതോടെ തുടർനടപടികളോ കമ്മിറ്റികളുടെ പുനഃസംഘടനയോ നടത്താനാകാത്ത പ്രതിസന്ധിയിലേക്കു പാർട്ടി മാറി. ഒടുവിൽ ഹൈക്കമാൻഡ് വിഷയത്തിൽ ഇടപെട്ടതോടെയാണ് പ്രതിസന്ധിക്ക് അയവു വന്നത്. രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിൽ ഉമ്മൻ ചാണ്ടി സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയോ പ്രശ്നങ്ങളോ ഉണ്ടാകാത്ത രീതിയിൽ സംഘടനാ തെരഞ്ഞെടുപ്പു നടത്തുന്നതിനുള്ള നിർദേശവും ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിനു സമർപ്പിച്ചിട്ടുണ്ട്. അതനുസരിച്ച് തെരഞ്ഞെടുപ്പു നടത്തണമെങ്കിൽ പാർട്ടി ഭരണഘടനയിൽ ഭേദഗതി വരുത്തേണ്ടി വരും. ഏതായാലും അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞു മാത്രമേ ഇത്തരം കാര്യങ്ങളിൽ ആലോചനകളുണ്ടാകുകയുള്ളു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയേ തുടർന്നാണ് ഉമ്മൻ ചാണ്ടി പാർട്ടിയുടെയും മുന്നണിയുടെയും ഉത്തരവാദിത്വങ്ങളിൽ നിന്നു മാറിയത്. തെരഞ്ഞെടുപ്പു പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു ഈ നടപടി. എന്നാൽ, തെരഞ്ഞെടുപ്പു പരാജയത്തിന്റെ സമ്പൂർണ ഉത്തരവാദിയായി ഉമ്മൻ ചാണ്ടി മാത്രം മാറിയതിൽ അദ്ദേഹത്തിനും ഗ്രൂപ്പിനും പ്രതിഷേധമുണ്ട്. പരാജയത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നു സംഘടനാ നേതൃത്വത്തിനും മാറിനിൽക്കാൻ സാധിക്കില്ലെന്നാണ് എ ഗ്രൂപ്പിന്റെ പക്ഷം. ഡിസിസി പ്രസിഡന്റ് നിയമനത്തിൽ അവഗണിക്കപ്പെട്ട സാഹചര്യത്തിൽ സ്വന്തം കരുത്തു തെളിയിക്കണമെങ്കിൽ സംഘടനാ തെരഞ്ഞെടുപ്പു മാത്രമേ വഴിയുള്ളു എന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാം. അതിനാൽ തന്നെ തെരഞ്ഞെടുപ്പു നടത്തണമെന്ന ആവശ്യത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണ്. വി.എം. സുധീരൻ തന്നെയാണ് അദ്ദേഹത്തിന്റെ ഉന്നമെന്നു വ്യക്തമാണ്. കേരളത്തിലെ കോണ്‍ഗ്രസ് പാർട്ടിയിൽ ഉമ്മൻ ചാണ്ടിയുടെ അനിവാര്യത ബോധ്യപ്പെടുത്താൻ സാധിച്ചു എന്നതാണ് എ ഗ്രൂപ്പ് കാണുന്ന പോസിറ്റീവ് ആയ നേട്ടം. പാർട്ടിയിൽ എ ഗ്രൂപ്പിന് അർഹമായ വിഹിതം ലഭിക്കുമെന്ന് ഉറപ്പാക്കാൻ ഈ നീക്കത്തിലൂടെ അവർക്കു സാധിച്ചു. പാർട്ടി കാര്യങ്ങളിൽ തഴയപ്പെടുന്ന സ്ഥിതിവിശേഷത്തിനു തടയിടാൻ സാധിച്ചു എന്നും അവർ കരുതുന്നു. യുഡിഎഫിലെ ഘടകകക്ഷികളുടെ പിന്തുണയും ഉമ്മൻ ചാണ്ടിക്കു ലഭിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ ആഭ്യന്തരപ്രശ്നമാണെങ്കിൽ പോലും യുഡിഎഫിലെ ഘടകകക്ഷികളുടെ അഭിപ്രായം പാടേ അവഗണിച്ചു കൊണ്ടു കോണ്‍ഗ്രസ് ഹൈക്കമാൻഡിനും മുന്നോട്ടുപോകാൻ സാധിക്കില്ല. ഉമ്മൻ ചാണ്ടിയുമായി പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ ഹൈക്കമാൻഡിനെ പ്രേരിപ്പിച്ചത് ഈ ഘടകം കൂടിയാണ്.