സംസ്ഥാനസ്കൂൾകലോത്സവം പരിഷ്കരിച്ച മാന്വൽ രവീന്ദ്രനാഥ്.
- 18/01/2017

അടുത്ത കലോത്സവം മുതൽ പരിഷ്കരിച്ച മാനുവൽ നടപ്പാക്കും: വിദ്യാഭ്യാസ മന്ത്രി കണ്ണൂർ: അടുത്തവർഷം നടക്കുന്ന 58ാമത് സംസ്ഥാന സ്കൂൾ കലോത്സവം പരിഷ്കരിച്ച മാന്വൽ പ്രകാരം സംഘടിപ്പിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. കലോത്സവ മാന്വൽ പരിഷ്കരണവുമായി ബന്ധപ്പെട്ടു മുതിർന്ന മാധ്യമപ്രവർത്തകരുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാന്വൽ പരിഷ്കരണ നടപടികൾക്ക് ഔദ്യോഗികമായി ആരംഭം കുറിച്ചതായും മന്ത്രി പറഞ്ഞു. ഫെബ്രുവരിയിൽ വിവിധ രംഗങ്ങളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് കലോത്സവ മാന്വലിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിശാലമായ കൂടിയാലോചനകൾ സംഘടിപ്പിക്കും. അതിനുശേഷം പ്രായോഗികതയും നിയമവശങ്ങളും പരിഗണിച്ച ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. കലോത്സവ സംഘാടകസമിതി ഓഫീസിൽ നടന്ന ചർച്ചയിൽ നിരവധി നിർദേശങ്ങൾ ഉയർന്നുവന്നു. അപ്പീലുകൾ കുറയ്ക്കുന്നതിനു ജില്ലകളെ മൂന്നു സോണുകളായി തിരിച്ച് അവിടെനിന്നുള്ള ആദ്യ മൂന്നു സ്ഥാനക്കാരെ പങ്കെടുപ്പിച്ചു സംസ്ഥാനതല മത്സരം നടത്തുക, ഗോത്രകലകൾ പോലുള്ള അന്യംനിന്നു പോകുന്ന മത്സരയിനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവയ്ക്കു കൂടുതൽ പോയിന്റ് നൽകുക, നാടകങ്ങളിൽ കുട്ടികളുടെ പ്രമേയങ്ങൾ കൊണ്ടുവരുന്നതിനു നടപടികൾ സ്വീകരിക്കുക തുടങ്ങിയ അഭിപ്രായങ്ങൾ ഉയർന്നു. വിധി നിർണയം, അപ്പീൽ സംവിധാനം, ഗ്രേസ് മാർക്ക് തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു. മത്സരാർഥികളെ കലാരംഗത്ത് നിലനിർത്തുന്നതിനായി അവരെ ഉൾപ്പെടുത്തി പ്രത്യേക സംഘങ്ങൾക്കു രൂപം നൽകുക, മത്സരത്തിന്റെ ഭാഗമായി വരയ്ക്കപ്പെടുന്ന ചിത്രങ്ങളുടെ പ്രദർശനം മേളയോടനുബന്ധിച്ചു സംഘടിപ്പിക്കുക, മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു ദരിദ്ര വിദ്യാർഥികൾക്കു പ്രത്യേക ഗ്രാന്റ് അനുവദിക്കുക, കലോത്സവ ഘോഷയാത്രയിലുൾപ്പെടെ പണത്തിനു മേൽക്കൈ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളുമുണ്ടായിരുന്നു.