യുഡിഎഫിന്റെ സമരപരമ്പര തുടങ്ങും
- 18/01/2017

യുഡിഎഫിന്റെ സമരപരമ്പര ഇന്നു രാജ്ഭവൻ മാർച്ചോടെ തുടങ്ങും തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരേ സമരം ചെയ്യുന്നില്ലെന്ന പരാതിക്കു പരിഹാരമായി യുഡിഎഫിന്റെ സമരപരമ്പരയ്ക്ക് ഇന്നു തുടക്കമാകും. സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരേ ഇന്ന് യുഡിഎഫ് സഹകാരികൾ രാജ്ഭവൻ പിക്കറ്റ് ചെയ്യും. ഡിസംബർ 31 കഴിയുമ്പോൾ കേരളത്തിലെ സഹകരണ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പു നൽകിയതിനുശേഷം ഇപ്പോൾ അതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്നോക്കം പോയതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ മുഴുവൻ യു ഡി എഫ് സഹകാരികളെയും പങ്കെടുപ്പിച്ച് കൊണ്ടുള്ള പ്രകടനവും പിക്കറ്റിംഗും സംഘടിപ്പിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനർ പി.പി. തങ്കച്ചൻ പറഞ്ഞു. ഇന്നു രാവിലെ 10.30 നു മ്യൂസിയം ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പ്രകടനം രാജ്ഭവനു മുന്നിലെത്തി പിക്കറ്റിംഗ് നടത്തും. സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, മറ്റു യുഡിഎഫ് ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.