സംസ്ഥാനസ്കൂൾകലോത്സവം ഇന്ന്തിരി തെളിയും
- 16/01/2017
കണ്ണൂർ: സംസ്ഥാനസ്കൂൾകലോത്സവം ചരിത്രമുറങ്ങുന്ന കണ്ണൂരിൽ ആരവമായി. പോലീസ് മൈതാനിയിലെ മുഖ്യവേദിയായ "നിള'യിൽ ഇന്നു വൈകുന്നേരം നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിക്കുന്നതോടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന കലയുടെ കളിയാട്ടത്തിന് അരങ്ങുണരും. പത്തുവർഷങ്ങൾക്കു ശേഷമെത്തിയ കലാമാമാങ്കത്തെ വരവേല്‍ക്കാനുള്ള എല്ലാ തയാറെടുപ്പുകളും ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ദൃശ്യ- ശ്രാവ്യ കലകളുടെ മായികപ്രപഞ്ചം തീർക്കാനുള്ള കണ്ണൂരിന്റെ തനിമയും മഹിമയും വിളിച്ചോതുന്ന കലോത്സവ വേദികൾ കലാപ്രതിഭകളെ കാത്തിരിക്കുകയായി. ജാതി-മത- രാഷ്ട്രീയ ചിന്തകൾക്കപ്പുറം ഉറവ വറ്റാത്ത സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും സാന്നിധ്യമറിയിക്കാൻ കാത്തിരിക്കുകയാണു കണ്ണൂർ നിവാസികൾ. നിളയും ചന്ദ്രഗിരിയും കബനിയും പമ്പയും വളപട്ടണവും കല്ലായിയും കവ്വായിയുമായി പുഴകളുടെ പേരുകളുള്ള 20 വേദികളിൽ തിരയിളക്കം തുടങ്ങിക്കഴിഞ്ഞു.







