ഭരണസ്തംഭനം ഒഴിവാക്കാൻ സർക്കാർ രംഗത്ത്.
- 14/01/2017

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസഹകരണത്തെ തുടർന്നു സംസ്ഥാനത്ത് ഉളവായ പൂർണ ഭരണസ്തംഭനം ഒഴിവാക്കാൻ അടിയന്തര ഇടപെടലുമായി സർക്കാർ രംഗത്ത്. നടപടിക്രമം പാലിക്കാതെയുള്ള എല്ലാ ഫയലുകളും ഐഎഎസ് ഉദ്യോഗസ്ഥർ പിടിച്ചുവയ്ക്കാൻ തുടങ്ങിയതോടെ വകുപ്പു സെക്രട്ടറിമാരുടെയും ജില്ലാ കളക്ടർമാരുടെയും അടിയന്തര യോഗം സർക്കാർ വിളിച്ചു.നടപടിക്രമം പാലിക്കാതെ ഭൂമി ഏറ്റെടുക്കാനാകില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചതോടെ വൻകിട പദ്ധതികളുടെ നടത്തിപ്പ് സ്തംഭനത്തിലായി. മറ്റു ഫയലുകളെല്ലാം നടപടിക്രമം പാലിച്ചു മാത്രമേ നടപ്പാക്കുകയുള്ളുവെന്നും ഐഎഎസുകാർ മന്ത്രിമാരെ അറിയിച്ചതോടെ ഫയലുകളെല്ലാം നാടയിൽ കുടുങ്ങി. ഇതേത്തുടർന്നു സംസ്ഥാനത്തെ പ്രധാന ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗം 16നു വിളിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനു നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചുതുടങ്ങി. വരൾച്ച മുന്നിൽക്കണ്ട് ആലപ്പുഴ ജില്ലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ നിർദേശിച്ച ആലപ്പുഴ ശുദ്ധജല വിതരണ പദ്ധതിക്കു സ്വകാര്യ വ്യക്തികളുടെ 45 സെന്റ് ഭൂമി ഏറ്റെടുക്കണം. ആലപ്പുഴ നഗരസഭയിലെയും സമീപത്തെ 13 ഗ്രാമപഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള പദ്ധതി വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ, നടപടിക്രമം പാലിച്ചു മാത്രമേ ഭൂമി ഏറ്റെടുക്കാൻ കഴിയുകയുള്ളുവെന്നു കളക്ടർ സർക്കാരിനെ അറിയിച്ചു. ഇതോടെ പദ്ധതി നടപ്പാക്കൽ ആശങ്കയിലായി. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ ഭൂമി ഏറ്റെടുക്കലും കളക്ടർമാർ ചട്ടപ്രകാരമാക്കിയതോടെ പദ്ധതി അനന്തമായി നീളുമെന്ന് ഏതാണ്ട് ഉറപ്പായി. ഇതുപോലെ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ഭൂമി ഏറ്റെടുക്കൽ പ്രശ്നം നില നിൽക്കുന്നുണ്ട്. ഇതെല്ലാം പരിഹരിക്കാൻ ആവശ്യമായ നിർദേശങ്ങളാകും സർക്കാർ യോഗത്തിൽ നൽകുക.ആരോഗ്യ ആയുഷ് വകുപ്പുകൾക്കു കീഴിലുള്ള അഞ്ചു പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തു നിയമിക്കാൻ ആരോഗ്യമന്ത്രി നിർദേശിച്ച പേരുകൾ സെക്രട്ടറിമാർ കഴിഞ്ഞ ദിവസം തള്ളിയതോടെ സർക്കാർ മറ്റൊരു പ്രതിസന്ധിയും നേരിട്ടു. ആരോഗ്യ വകുപ്പിനു കീഴിലുള്ള രണ്ടു സ്ഥാപനങ്ങളുടെ തലപ്പത്തുള്ള നിയമനത്തിനായി നിർദേശിച്ച പേരുകൾ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനും ആയുഷ് വകുപ്പിനു കീഴിലുള്ള മൂന്നു സ്ഥാപനങ്ങളുടെ തലപ്പത്തുള്ള നിയമനങ്ങൾ സെക്രട്ടറി ഡോ. ബി. അശോകും തള്ളുകയായിരുന്നു.തള്ളിയതിന്റെ കാരണം അറിയിക്കണമെന്ന് ആരോഗ്യമന്ത്രി സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ഇവർക്കു മതിയായ യോഗ്യതയില്ലെന്നും നിയമനം ചട്ടങ്ങൾ പാലിക്കാതെയാണെന്നും സെക്രട്ടറിമാർ എഴുതി നൽകിയതായാണു സൂചന. ബന്ധു നിയമന കേസിൽ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണി പ്രതി സ്ഥാനത്ത് ഉൾപ്പെട്ട സാഹചര്യത്തിൽ നിയമനങ്ങൾക്കു വിജിലൻസ് ക്ലിയറൻസ് നിർബന്ധമാണെന്നും സെക്രട്ടറിമാർ അറിയിച്ചിട്ടുണ്ട്. ഇതുപോലെ മറ്റു പല വകുപ്പുകളിലും ഐഎഎസ് ഉദ്യോഗസ്ഥർ നടപടിക്രമം പാലിക്കാതെയുള്ള സർക്കാർ ഇടപെടലുകൾ തള്ളിക്കളയാൻ തുടങ്ങിയതോടെ സർക്കാർ പ്രതിരോധത്തിലായി. നടപടിക്രമങ്ങൾ പാലിച്ചുള്ള ഫയലുകളിൽ മാത്രം ഒപ്പിട്ടാൽ മതിയെന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്നു പല വകുപ്പുകളിലെയും ഫയലുകൾ ഓഫീസുകൾ തോറും കയറിയിറങ്ങുന്ന അവസ്ഥയി ലാണ്.