പൊതുവിഷയത്തിൽ MPമാർഒന്നിച്ചു നിൽക്കണം പിണറായി
- 14/01/2017

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്നങ്ങളിൽ സർക്കാരും എംപിമാരും കൈക്കൊള്ളുന്ന യോജിച്ച നിലപാട് നല്ല നിലയ്ക്ക് തുടർന്നുപോകാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കുന്നത് ചർച്ച ചെയ്യാൻ ചേർന്ന എംപിമാരുടെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവിധ ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞകാലങ്ങളിൽ സഭയിൽ ഉയർത്താൻ കഴിഞ്ഞ യോജിപ്പ് ഇനിയും തുടരണം. റേഷനുമായി ബന്ധപ്പെട്ട് ജനങ്ങൾക്കു നൽകാനുള്ള ഭക്ഷ്യധാന്യവിഹിതം ലഭിക്കുന്നില്ല. മുൻഗണനാപട്ടിക വന്നപ്പോൾ പുറത്തായിപ്പോയവരുൾപ്പെടെയുണ്ട്. ഇക്കാര്യവും ഗൗരവമായി എടുക്കണം. നോട്ട് അസാധുവാക്കൽ ജനങ്ങൾക്ക് ഏറെ പ്രയാസങ്ങളുണ്ടാക്കിയതായും സംസ്ഥാനത്തിന്റെ വരുമാനത്തിൽ കുറവുണ്ടായതായും മുഖ്യമന്ത്രി എംപിമാരുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ മന്ത്രിമാരും സെക്രട്ടറിമാരും അജൻഡപ്രകാരം എംപിമാരുടെ ശ്രദ്ധയിൽപ്പെടുത്തി ചർച്ച ചെയ്തു. നോട്ട് പിൻവലിക്കലിനെത്തുടർന്ന് പ്രാഥമിക സഹകരണ സംഘങ്ങൾക്കു ജില്ലാ സഹകരണ ബാങ്കിൽനിന്ന് 24,000 രൂപ മാത്രം ആഴ്ചയിലൊരിക്കൽ പിൻവലിക്കാനാകുന്ന അവസ്ഥ വലിയ പ്രതിസന്ധിയുണ്ടാക്കുന്നതായി സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ യോഗത്തിൽ അറിയിച്ചു. കാർഷികവായ്പകൾ പോലും പണമായി നൽകാനാകുന്നില്ല. ഈ നിയന്ത്രണം നീക്കാൻ നടപടിക്കായി ശ്രമിക്കണം. കേന്ദ്ര സർക്കാർ കാർഷിക വായ്പകൾക്ക് നൽകുന്ന പലിശ സബ്സിഡി 2014-15 വർഷത്തെ രണ്ടാംപാദം മുതലും, 2015-16 ലെ ആദ്യരണ്ട് പാദങ്ങളിലെയും തുക നബാർഡിൽനിന്ന് ലഭിക്കാനുണ്ട്. ഇത് അനുവദിക്കാൻ സമ്മർദ്ദമുണ്ടാകണമെന്നും അദ്ദേഹം എംപിമാരോട് ആവശ്യപ്പെട്ടു. സംയോജിത സഹകരണ വികസന പദ്ധതിക്ക് ദേശീയ സഹകരണ വികസന കോർപറേഷൻ നൽകുന്ന വായ്പക്ക് പലിശ നിരക്ക് കൂടുതലാണ്. ഇത് കുറയ്ക്കാനും സബ്സിഡി തുക വകയിരുത്താനും നടപടി വേണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പിന്നോക്ക വിഭാഗ കമ്മീഷൻ മുമ്പാകെ ഒബിസി ലിസ്റ്റിൽ ഉൾപ്പെടുത്താൻ ലഭിച്ച നിരവധി നിവേദനങ്ങൾ പരിശോധിച്ച് പരിഗണിക്കാൻ സോഷ്യോ -എക്കണോമിക് ആൻഡ് കാസ്റ്റ് സർവേ ലഭ്യമാക്കാൻ നടപടിയുണ്ടാകാൻ എംപിമാർ ശ്രമിക്കണമെന്ന് മന്ത്രി എ.കെ. ബാലൻ ആവശ്യപ്പെട്ടു.