സഹകരണ ബാങ്കുകളെ നോട്ടുകൾ മാറാൻ അനുവദിക്കാത്തതിലെ നീതിനിഷേധം സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനം
- 20/11/2016
തിരുവനന്തപുരം: റദ്ദാക്കിയ നോട്ടുകൾ മാറാൻ റിസർവ് ബാങ്കിന്റെ രജിസ്ട്രേഷനുള്ള ജില്ലാ സഹകരണ ബാങ്കുകളെയും പ്രാഥമിക സർവീസ് സഹകരണ സംഘങ്ങളെയും അനുവദിക്കാത്ത റിസർവ് ബാങ്കിന്റെയും കേന്ദ്രസർക്കാരിന്റെയും നടപടിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനം. സംസ്‌ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളും ചേർന്നാകും സുപ്രീംകോടതിയിൽ ഹർജി നൽകുക.പുതുതലമുറ ബാങ്കുകൾക്കും സ്വകാര്യ ബാങ്കുകൾക്കും 500 രൂപ, 1000 രൂപ നോട്ടു കൾ സ്വീകരിക്കാനും മാറി നൽകാനും അനുമതി നൽകിയിട്ടും റിസർവ് ബാങ്കിന്റെ രജിസ്ട്രേഷനുള്ള ജില്ലാ സഹകരണ ബാങ്കുകളെ അനുവദിക്കാത്തതിലെ നീതിനിഷേധം ചോദ്യംചെയ്താകും സുപ്രീംകോടതിയെ സമീപിക്കുന്നതെന്നു സഹകരണ മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. സഹകരണ ബാങ്കുകളിൽ കള്ളപ്പണ നിക്ഷേപമുണ്ടെങ്കിൽ കണ്ടെത്താൻ ആവശ്യമായ നടപടി ആദായനികുതി വകുപ്പു സ്വീകരിക്കണം. അവരുടെ പരിശോധനയെ ഒരു തരത്തിലും തടസപ്പെടുത്താൻ ആരും തയാറായിട്ടില്ല. ഇതിനു പകരം സാധാരണക്കാരുടെ നിക്ഷേപത്തെ ബാധിക്കുന്ന സർക്കാർ നടപടി അംഗീകരിക്കാനാകില്ല. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട കേസ് കൈകാര്യംചെയ്യാൻ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരുടെ സേവനം തേടിയിട്ടുണ്ടെന്നു യോഗത്തിൽ ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികൾ അറിയിച്ചു.