നാളെ ശബരിമല മകരവിളക്ക്
- 13/01/2017

ശബരിമല: മകരവിളക്കിനു മുന്നോടിയായുള്ള പമ്പസദ്യയും പമ്പവിളക്കും ഇന്നു നടക്കും. മകരവിളക്കിനോടനുബന്ധിച്ച് എരുമേലിയിൽ പേട്ടതുള്ളി കരിമലതാണ്ടി എത്തുന്ന ഭക്തർ പമ്പയിലെത്തി സദ്യയുണ്ട് പമ്പവിളക്ക് കണ്ടശേഷമാണു മകരജ്യോതിദർശനത്തിനായി ഭക്തരിലേറെയും മലചവിട്ടുന്നത്.രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള ഭക്തർ ഇന്നലെ പമ്പാമണൽപുറത്തു സദ്യയ്ക്കുള്ള ഒരുക്കം ആരംഭിച്ചു. ഗുരുസ്വാമിയുടെ നിർദേശപ്രകാരം മുൻകൂട്ടി നിശ്ചയിച്ച വിഭവങ്ങൾ ഇന്നു രാവിലെ തയാറാക്കും. നിലവിളക്കുകൊളുത്തി തൂശനിലയിട്ടു വിഭവങ്ങൾ വിളന്പുന്നതോടെ സദ്യവട്ടങ്ങൾ ആരംഭിക്കും. ആദ്യ ഇലയിലെ ഭക്ഷണം അയ്യപ്പസ്വാമിക്ക് നിവേദിച്ചശേഷമാണ് ഭക്തർ സദ്യ ഉണ്ണുക. മകരവിളക്കിന് മുന്നോടിയായി ഇന്ന് വൈകുന്നേരം പന്പവിളക്കിനുള്ള ഒരുക്കങ്ങൾ നടത്തും.മുളകൾകൊണ്ട് ഗോപുരമുണ്ടാക്കി അതിൽ മണ്‍ചെരാതുകൾ കത്തിച്ചശേഷം ശരണമന്ത്രങ്ങളോടെ പമ്പാ നദിയിലേക്ക് ഒഴുക്കിവിടും. ഇതോടെ പമ്പാദീപപ്രഭയിൽ ശോഭിക്കും.