സ്വാശ്രയകോളജ് മാനേജ്മെന്റുകള്‍ക്ക് തിരുത്താന്അവസരം
- 13/01/2017

നാദാപുരം: സ്വാശ്രയ കോളജുകള്‍ സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണമെന്നും മാനേജ്മെന്റുകള്‍ക്ക് തിരുത്താന്‍ അവസരം നല്‍കുമെന്നും അല്ലാത്തവര്‍ക്കെതിരേ ശ ക്തമായതും നീതി പൂര്‍വവും സമൂഹം അംഗീകരിക്കുന്നതുമായ നിലപാട് സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. കുട്ടികളെ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണമെന്നത് വിദ്യാഭ്യാസ രംഗത്തിന്റെ കാഴ്ച്ചപ്പാടാണ്. ഇതിനെതിരായി പ്രവര്‍ത്തിക്കുന്നവരെ ബോധ്യപ്പെടുത്തണം അല്ലെങ്കില്‍ സമൂഹവും സര്‍ക്കാരും ഒരുപോലെ തിരുത്തിക്കണം. തൃശൂര്‍ പാമ്പാടി നെഹ്റു കോളജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ജിഷ്ണു പ്രണോയുടെ വീടു സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലാത്ത സംഭവമാണു നടന്നത്. സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണു വിദ്യാര്‍ഥിയുടെ മരണത്തെ കാണുന്നത്. സാങ്കേതിക സര്‍വകലാശാല റജിസ്ട്രാറും, പരീക്ഷ കണ്ട്രോളറും നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വിദ്യാര്‍ഥി കോപ്പിയടിച്ചില്ലെന്നും മാനേജ്മെന്റിന്റെ വാദം തെറ്റാണെന്നും ബോധ്യപ്പെട്ടു. സാങ്കേതിക സര്‍വകലാശാലകളുടെ കീഴിലുള്ള കോളജുകളിലെ ഭൗതിക, അക്കാഡമിക് സാഹചര്യങ്ങളെ കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് നല്കാന് സര്‍വകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.