സാങ്കേതികസർവകലാശാലയിൽ സമഗ്രഅഴിച്ചുപണി വേണം:വിഎസ്
- 13/01/2017

തിരുവനന്തപുരം : പാമ്പാടി നെഹ്റു കോളജിലെ വിദ്യാർഥി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരള സാങ്കേതിക സർവകലാശാലയുടെ തലപ്പത്തു സമഗ്രമായ അഴിച്ചുപണി നടത്തണമെന്നാവശ്യപ്പെട്ടു മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ വിദ്യാഭ്യാസമന്ത്രിക്കു കത്തു നൽകി. നെഹ്റു കോളജ് സംഭവത്തിൽ താത്കാലികമായി നടത്തിയ സമാശ്വാസ ഇടപെടലുകൾ സ്വാഗതാർഹമാണ്. എന്നാൽ, ഈ പ്രശ്നത്തിന്റെ അടിവേരുകൾ സാങ്കേതിക സർവകലാശാലയുടെ കുത്തഴിഞ്ഞ സംവിധാനത്തിലേക്കാണു വിരൽ ചൂണ്ടുന്നത്. നെഹ്റു കോളജിൽ മാത്രമല്ല സംസ്ഥാനത്തെ മറ്റു പല സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിലും വിദ്യാർഥികൾക്കു നേരെ സമാനമായ പീഡനങ്ങൾ നടക്കുന്നതായി വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണു സാങ്കേതിക സർവകലാശാലയുടെ ഭരണനേതൃത്വത്തെക്കുറിച്ചു പുനർവിചിന്തനം അനിവാര്യമായിരിക്കുന്നതെന്നും വി.എസ് കത്തിൽ ചൂണ്ടിക്കാട്ടി.