സംസ്ഥാനത്ത് ഭരണസ്തംഭനം: പ്രതിപക്ഷ നേതാവ്
- 13/01/2017

കൊച്ചി: തലപ്പത്തുള്ള ഉദ്യോഗസ്ഥരുടെ തമ്മിലടിയും പ്രശ്നങ്ങളിൽ ഇടപെടുന്നതിലുള്ള സർക്കാരിന്റെ പരാജയവും കാരണം സംസ്ഥാന ഭരണം പൂർണമായി സ്തംഭിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇടതുസർക്കാരിന് ഭരിക്കാൻ അറിയില്ല, സമരം ചെയ്യാൻ മാത്രമേ കഴിയൂ. ജനങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്ന സമരം ചെയ്യുകയല്ല, മറിച്ച് ജനങ്ങൾക്ക് അരി നൽകുകയാണ് സർക്കാർ ചെയ്യേണ്ടത്. സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർ ഭീതിയിലാണ്. പരാതി പറയുന്നവരോടു മെക്കിട്ടു കയറാതെ മുഖ്യമന്ത്രി പിണറായി വിജയൻ യുക്തിസഹമായ നടപടികൾ കൈക്കൊണ്ടു പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാക്കണമെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജനങ്ങളുടെ ഒരു പ്രശ്നത്തിലും ഇടപെടാതെ മുഖ്യമന്ത്രിയും സർക്കാരും മാറിനിൽക്കുന്നു. ഇവരെ ശരിയായ ദിശയിൽ നയിക്കാൻ ഇടതു മുന്നണിയിലെ പാർട്ടികൾക്കും സാധിക്കുന്നില്ല. ഇടതു മുന്നണിയിലെ ഘടകക്ഷികളെല്ലാം അസംതൃപ്തരാണെന്നും രമേശ് ചൂണ്ടിക്കാട്ടി.എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് എട്ടു മാസങ്ങളായി. ഇതുവരെ കാര്യമായ ഒരു പ്രവർത്തനങ്ങളും നടക്കുന്നില്ല. പണ്ടേ ദുർബല ഇപ്പോൾ ഗർഭിണി എന്ന നിലയിലാണ് സർക്കാരിന്റെ അവസ്ഥ. ഐഎഎസുകാരും വിജിലൻസ് ഡയറക്ടറും തമ്മിലുള്ള അടി കൂടിയായപ്പോൾ ഭരണസ്തംഭനം പൂർണമായി. പദ്ധതി നടത്തിപ്പ് പൂർണമായും സ്തംഭിച്ചു. ഈ സാഹചര്യത്തിലാണ് ഐഎഎസുകാരുടെ നിസഹകരണംമൂലം ഭരണസ്തംഭനം ഉടലെടുത്തിരിക്കുന്നത്-ചെന്നിത്തല പറഞ്ഞു.