പോലീസുകാർവകുപ്പുമാറി കേസ്എടുക്കരുതെന്നു ഡിജിപി
- 10/01/2017

പോലീസുകാർ വകുപ്പുമാറി കേസ് എടുക്കരുതെന്നു ഡിജിപി കോഴിക്കോട്: ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 451, 452 വകുപ്പുകൾ കൈകാര്യം ചെയ്യുമ്പോൾ പോലീസുകാർ വകുപ്പുമാറി അതിക്രമിച്ചു കടക്കരുതെന്നു ഡിജിപി ലോക്നാഥ് ബെഹ്റയുടെ സർക്കുലർ. കുറ്റാരോപിതർക്കു ജാമ്യം ലഭിക്കാതിരിക്കാൻ മനഃപൂർവം വകുപ്പുമാറ്റിയെഴുതുന്ന ഉദ്യോഗസ്‌ഥർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നു ഡിജിപി സർക്കുലറിൽ മുന്നറിയിപ്പു നൽകി. വീടുകളിലോ, ഓഫീസുകളിലോ അതിക്രമിച്ചു കടക്കുന്ന കേസുകളിൽ ഐപിസി 451–ാം വകുപ്പനുസരിച്ചാണു കേസെടുക്കേണ്ടത്. എന്നാൽ, പരാതിക്കാരുടെ സമ്മർദങ്ങൾക്കുവഴങ്ങിയോ, വ്യക്‌തി വൈരാഗ്യം മൂലമോ ചില ഓഫീസർമാർ ഐപിസി 452–ാം വകുപ്പ് ചുമത്താറുണ്ട്.ജാമ്യം ലഭിക്കാവുന്നതും, പരാതിക്കാരനും പ്രതിയും തമ്മിൽ ഒത്തുതീർപ്പ് ഉണ്ടാക്കാവുന്നതുമാണ് 451–ാം വകുപ്പ്. പരമാവധി രണ്ടു വർഷം തടവോ, പിഴയോ, രണ്ടും കൂടിയോ ആണ് ഈ വകുപ്പിലെ ശിക്ഷ. ആയുധം കരുതാതെയും, മുൻകൂട്ടി ആസൂത്രണം ചെയ്യാതെയും ഒരാളുടെ ഭവനത്തിലോ, സ്‌ഥാപനങ്ങളിലോ അതിക്രമിച്ചു കടക്കുന്നത് ഐപിസി 451–ാം വകുപ്പനുസരിച്ചു കുറ്റകരമാണ്. വകുപ്പ് ദുരുപയോഗം ചെയ്യുന്നവർ കർശന വകുപ്പുതല നടപടിക്കും, നിയമനടപടിക്കും വിധേയരാകുമെന്നു സർക്കുലർ വ്യക്‌തമാക്കുന്നു. ഇത്തരം പരാതി ലഭിച്ചാൽ വിശദമായ അന്വേഷണം നടത്തി ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) വകുപ്പ് നിശ്ചയിക്കാവൂ. വകുപ്പുമാറ്റി കേസെടുത്തു പീഡിപ്പിക്കുന്നു എന്നാരോപിച്ച് ഒരു പ്രതി നൽകിയ ജാമ്യാപേക്ഷ പരിഗണിക്കവേ, ഹൈക്കോടതി പോലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു.