• 19 September 2025
  • Home
  • About us
  • News
  • Contact us

പാളയത്തിൽപ്പട സിപിഎംകേന്ദ്ര നേതൃത്വത്തിനു മന്ത്രിയുടെകത്ത്

  •  
  •  10/01/2017
  •  


തിരുവനന്തപുരം: സിപിഎം കേന്ദ്ര നേതൃത്വത്തിനു മന്ത്രിയുടെ കത്ത്. ഇടതു സർക്കാർ ആറു മാസം പിന്നിടുമ്പോൾ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തു സർക്കാരിനു പ്രവർത്തിക്കാനാകുന്നില്ലെന്നും ധാർഷ്‌ട്യത്തിന്റെ ചട്ടക്കൂട്ടിൽ സർക്കാരിനെ മുഖ്യമന്ത്രി തളച്ചിടുകയാണെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ നേരിൽക്കണ്ട് ഒരു പ്രമുഖ മന്ത്രി പരാതി നൽകി.കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ സംസ്‌ഥാന സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ചു പരിശോധിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അതുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണു ഭരണത്തിൽ പ്രതിസന്ധിയുണ്ടെന്നും പാർട്ടി ഉചിതമായി ഇടപെട്ടില്ലെങ്കിൽ വിഷയം സങ്കീർണമാകുമെന്നും ചൂണ്ടിക്കാട്ടി ഞായറാഴ്ച പാർട്ടി ജനറൽ സെക്രട്ടറിയെ നേരിൽ കണ്ടു മന്ത്രി കത്തു നൽകിയത്. സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടും മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനോടും ബന്ധപ്പെട്ടതിനുശേഷമാണു സർക്കാരിനെതിരേ പാർട്ടി കേന്ദ്ര നേതൃത്വത്തിനു മന്ത്രി കത്തു നൽകിയത്.ദേശീയ രാഷ്ട്രീയം സമഗ്രമായി ചർച്ച ചെയ്ത തിരുവനന്തപുരത്തു ചേർന്ന പോളിറ്റ് ബ്യൂറോ–കേന്ദ്ര കമ്മിറ്റി യോഗങ്ങൾ സംസ്‌ഥാനത്തെ രാഷ്ട്രീയ സ്‌ഥിതിഗതികളും വിലയിരുത്തി. കേരളത്തിൽ ബിജെപിയുടെ വളർച്ച ഗൗരവമായി വിലയിരുത്താൻ സിപിഎം സംസ്‌ഥാന നേതൃത്വം ഇതുവരെയും തയാറായിട്ടില്ലെന്ന ഗുരുതരമായ ആരോപണമാണു പാർട്ടി കേന്ദ്ര നേതൃത്വം ഉന്നയിച്ചത്. പാർട്ടി നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തിയെങ്കിലും മുന്നോട്ടുള്ള പാർട്ടിയുടെ പ്രയാണം സുഗമമാകില്ലെന്ന വിലയിരുത്തലും കേന്ദ്ര കമ്മിറ്റി നടത്തി.പാർട്ടി കേന്ദ്ര കമ്മിറ്റിയംഗമായ ഡോ. തോമസ് ഐസക്കാണു യോഗത്തിൽ ഇക്കാര്യം സമഗ്രമായി പ്രതിപാദിച്ചത്.സംഘടനാ ദൗർബല്യം സർക്കാരിന്റെ പ്രവർത്തനത്തെയും പാർട്ടിയെയും ഗുരുതരമായി ബാധിച്ചുവെന്ന വി.എസ്. അച്യുതാനന്ദന്റെ അരമണിക്കൂർ നീണ്ട പ്രസംഗത്തിനു ശേഷമാണു തോമസ് ഐസക് സർക്കാരിനെതിരേ തന്റെ പ്രസംഗത്തിൽ ആഞ്ഞടിച്ചത്. സംസ്‌ഥാനത്തിന്റെ സാമ്പത്തികസ്‌ഥിതി ഭദ്രമല്ല. നോട്ട് റദ്ദാക്കൽ പ്രതിസന്ധി സൃഷ്‌ടിച്ചെങ്കിലും മന്ത്രിസഭയെന്ന നിലയിൽ ഇക്കാര്യം വിലയിരുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു.എല്ലാം ധനമന്ത്രി നോക്കിക്കൊള്ളുമെന്ന സ്വപ്നലോകത്തിലായിരുന്നു സർക്കാരും മുഖ്യമന്ത്രിയും. നോട്ട് നിരോധനം മൂലമുണ്ടായ പ്രതിസന്ധി വിശദീകരിക്കാൻ ധനമന്ത്രിയെന്ന നിലയിൽ ചുമതല ഒറ്റയ്ക്കു നിർവഹിക്കേണ്ടി വന്നു. അതുകൊണ്ടുതന്നെ പല ഘട്ടങ്ങളിലും ചീത്തയാകേണ്ടി വന്നതു താനാണെന്നും ഐസക് കേന്ദ്ര കമ്മിറ്റിയിൽ തുറന്നടിച്ചു.സാധാരണയായി ഇത്തരം യോഗങ്ങളിൽ പിണറായി വിജയനെ അനുകൂലിച്ചിരുന്ന പി.കെ. ശ്രീമതിയും ഇ.പി. ജയരാജനും മൗനം പാലിച്ചതും ശ്രദ്ധേയമായി. സർക്കാരിന്റെ പ്രവർത്തനം സംസ്‌ഥാനത്തു വിശദമായി ചർച്ച ചെയ്യണമെന്നും എന്തു പരാതിയുണ്ടെങ്കിലും അതു ചർച്ചയിലൂടെ പരിഹരിച്ചു മുന്നോട്ടുപോകണമെന്നും മാത്രമാണു ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര കമ്മിറ്റി യോഗത്തിൽ മറുപടി പറഞ്ഞത്. ഇതിനു ശേഷമാണു സർക്കാരിനെതിരെയുള്ള തന്റെ പരാതികൾ വിശദീകരിച്ചുകൊണ്ടുള്ള കത്ത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു മന്ത്രി നൽകിയത്.മന്ത്രിസഭ രൂപീകരിച്ചതു മുതൽ മുഖ്യമന്ത്രിയുമായി നല്ല ബന്ധത്തിലായിരുന്നില്ല പരാതിക്കാരനായ മന്ത്രി. സർക്കാരുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളൊന്നും താനുമായി മുഖ്യമന്ത്രി ചർച്ച ചെയ്യുന്നില്ലെന്ന അതൃപ്തി നേരത്തേ തന്നെ മന്ത്രി പാർട്ടി സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിരുന്നു. എം.എം. മണിയെ മന്ത്രിയാക്കുന്നതിനോടു പാർട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റിൽ വിയോജിപ്പു രേഖപ്പെടുത്തിയ മന്ത്രിക്കു പരിഹാസരൂപേണ മറുപടി നൽകിയാണു മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ നീരസം വ്യക്‌തമാക്കിയത്. ഇതോടെ മുഖ്യമന്ത്രിയും മന്ത്രിയും തമ്മിൽ വല്ലാതെ അകന്നു.പോളിറ്റ്ബ്യൂറോ കമ്മീഷൻ റിപ്പോർട്ട് ഞായറാഴ്ച കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്തപ്പോൾ സംസ്‌ഥാന നേതൃത്വത്തെ പൂർണമായും വെട്ടിലാക്കിയാണു മന്ത്രി സംസാരിച്ചത്. വി.എസ്. അച്യുതാനന്ദനെതിരേയുള്ള അച്ചടക്ക നടപടി പരിശോധിക്കുമ്പോൾ അതിലേറെ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ ഇപ്പോൾ പാർട്ടി സംസ്‌ഥാന നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നാണു മന്ത്രി പറഞ്ഞത്. പ്രതിപക്ഷവുമായി ചങ്ങാത്തം സ്‌ഥാപിച്ചു പാർട്ടിയെ വഞ്ചിക്കുന്നവർ പോലും സിപിഎം നേതൃത്വത്തിലുണ്ടെന്നും മറ്റൊരവസരത്തിൽ താൻ ഇക്കാര്യങ്ങളെല്ലാം പാർട്ടി കേന്ദ്ര നേതൃത്വത്തെ ബോധിപ്പിക്കുമെന്നും പറഞ്ഞാണു മന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.സർക്കാരിന്റെ പ്രവർത്തനങ്ങൾ കേന്ദ്ര കമ്മിറ്റി പ്രത്യേകമായി ചർച്ച ചെയ്യാത്തതിനാൽ പാർട്ടി പോളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനു മന്ത്രിയുടെ വിമർശനങ്ങൾക്കു മറുപടി പറയാൻ സാധിച്ചില്ല.

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar