വാഹനമിടിച്ചുയുവാവ് മരിച്ചസംഭവം ബസ്കസ്റ്റഡിയിൽ
- 08/01/2017

വാഹനമിടിച്ചു യുവാവ് മരിച്ച സംഭവത്തിൽ നിർത്താതെ പോയ ബസ് പോലീസ് കണ്ടെത്തി വാഴക്കുളം: അജ്ഞാതവാഹനമിടിച്ചു ബൈക്കിൽ സഞ്ചരിച്ച യുവാവ് മരിച്ച സംഭവത്തിൽ നിർത്താതെ പോയ ടൂറിസ്റ്റ് ബസ് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ 24നു രാത്രി 10.30ന് മടക്കത്താനം കൊച്ചങ്ങാടിയിലായിരുന്നു അപകടം. തൊടുപുഴ ഭാഗത്തുനിന്നു കദളിക്കാടുള്ള വീട്ടിലേക്ക് ബൈക്കിൽ വരികയായിരുന്ന ചാത്തംകണ്ടത്തിൽ അഭിരാജിനെ അജ്ഞാതവാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. വഴിയോരത്തേക്കു തെറിച്ചു വീണ അഭിരാജിനെ ഏറെ നേരം കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാനായത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അഭിരാജ് പിന്നീട് ആശുപത്രിയിൽ മരിച്ചു.രാത്രിയായിരുന്നതിനാൽ ദൃക്സാക്ഷികൾ ഇല്ലാതിരുന്നതുകൊണ്ട് ഇടിച്ചിട്ട വാഹനം കണ്ടെത്താനായില്ല. സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയ വാഹനത്തിന്റെ ചെറിയ രണ്ടു ഭാഗങ്ങൾ മാത്രമായിരുന്നു ഏക തെളിവ്. ഇതു സംശയാസ്പദമായ തെളിവുകൾ മാത്രമായിരുന്നു. എങ്കിലും സാങ്കേതിക തികവാർന്ന അന്വേഷണത്തിനൊടുവിൽ ശബരിമല തീർഥാടകരുമായെത്തിയ തലശേരി രജിസ്ട്രേഷനിലുള്ള ടൂറിസ്റ്റ് ബസാണ് അപകടമുണ്ടാക്കിയതെന്ന് കണ്ടെത്തുകയും വാഹനം കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. വാഴക്കുളം ടൗണിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളും ഇതര ടൗണുകളിലും പാലിയേക്കര ടോൾ പ്ലാസയിൽ സ്ഥാപിച്ചിട്ടുള്ള കാമറ ദൃശ്യങ്ങളും അപകടം നടന്ന സമയവും അപകട സ്ഥലത്തു നിന്നു ലഭിച്ച വാഹനത്തിന്റെ സ്പെയർ പാർട്സ് സംബന്ധിച്ചു നടത്തിയ അന്വേഷണമാണ് വാഹനം കണ്ടെത്താൻ സഹായകമായത്. തൊട്ടിൽപ്പാലം സ്വദേശിയായ റിനീഷാണ് സംഭവ സമയത്ത് ബസോടിച്ചിരുന്നതെന്നും വ്യക്തമായി. സംഭവത്തിനുശേഷവും ശബരിമല തീർഥാടകരുമായി ബസ് ഇതുവഴി ഒന്നിലേറെ തവണ സർവീസ് നടത്തിയിരുന്നതായും കണ്ടെത്തി. ബസോടിച്ചിരുന്ന റിനീഷ് ഒളിവിലാണ്. ഇയാളുടെ ഫോണ് സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.ഒടുവിൽ ടവർ സിഗ്നൽ ലഭിച്ചത് കർണാടകയിൽ നിന്നാണെന്നും അപകടം സംഭവിച്ച വിവരം വീട്ടിൽ അറിയിച്ചിട്ടാണ് ഇയാൾ ഒളിവിൽ പോയതെന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച കോഴിക്കോടുനിന്നു കസ്റ്റഡിയിലെടുത്ത ബസ് വാഴക്കുളം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പി കെ. ബിജുമോന്റെ നേതൃത്വത്തിൽ വാഴക്കുളം എസ്ഐ ജി.എസ് ഹരി, എഎസ്ഐ കെ.കെ. രാജേഷ്, മൂവാറ്റുപുഴ എഎസ്ഐ ജോർജ് ജോസഫ്, സിവിൽ പോലീസ് ഓഫീസർമാരായ ജോബി പി. ചാക്കോ, ജി.എസ്. ഗിരീഷ്കുമാർ, മഞ്ജേഷ് കുമാർ എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് കേസന്വേഷണം നടത്തുന്നത്. തെളിവുകൾ ദുർബലമായ സംഭവത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ അപകടം നടത്തിയ വാഹനം കണ്ടെത്താൻ കഴിഞ്ഞത് പോലീസിനൊരു പൊൻതൂവലായിരിക്കുകയാണ്