• 19 September 2025
  • Home
  • About us
  • News
  • Contact us

ഐഎഎസുകാരുടെ കൂട്ടഅവധിഎടുക്കൽ ഭരണസ്തംഭനത്തിനു സാധ്യത

  •  
  •  08/01/2017
  •  


ബന്ധുനിയമന കേസിൽ വ്യവസായ അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണിയെ പ്രതിയാക്കി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് ഉദ്യോഗസ്‌ഥതലത്തിൽ പൊട്ടിത്തെറി. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസുമായി കുറേ നാളായി ഇടഞ്ഞുനിന്നിരുന്ന ഐഎഎസ് ഉദ്യോഗസ്‌ഥർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഐഎഎസുകാർ ഒന്നടങ്കമാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരേ രംഗത്തുവന്നിരിക്കുന്നത്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥനായ പോൾ ആന്റണിയെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്ത വിജിലൻസ് ഡയറക്ടറുടെ നടപടിയിൽ പ്രതിഷേധിച്ചു നാളെ കൂട്ട അവധിയെടുക്കാൻ ഇന്നലെ രാത്രി ചേർന്ന ഐഎഎസ് അസോസിയേഷൻ യോഗം തീരുമാനിച്ചു. ജേക്കബ് തോമസിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കെതിരേയും യോഗത്തിൽ വിമർശനമുയർന്നു. പോൾ ആന്റണിയെ ബോധപൂർവമാണു വിജിലൻസ് പ്രതിയാക്കിയതെന്ന് ആരോപിച്ച ഐഎഎസ് അസോസിയേഷന്റെ പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ട് അറിയിക്കും. അഴിമതിയോ സംസ്‌ഥാനത്തിനു സാമ്പത്തിക നഷ്‌ടമോ ഉണ്ടാകാത്ത കേസിൽ പോലും വിജിലൻസിന്റെ നിലപാട് ഇത്തരത്തിൽ തുടർന്നാൽ സംസ്‌ഥാനത്തെ ഐഎഎസ് ഉദ്യോഗസ്‌ഥർക്കു സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം വരുമെന്നും യോഗം അഭിപ്രായപ്പെട്ടു. അതേസമയം, വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട ബന്ധുനിയമന കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണിയെ നീക്കണമെന്നാവശ്യപ്പെട്ടു സർക്കാരിനു കത്തു നൽകാനുള്ള നീക്കത്തിലാണു വിജിലൻസ്. അന്വേഷണവുമായി ബന്ധപ്പെട്ടു വ്യവസായ വകുപ്പിൽനിന്ന് ഒട്ടേറെ ഫയലുകൾ അടക്കമുള്ള തെളിവുകൾ ശേഖരിക്കേണ്ട സാഹചര്യത്തിൽ പ്രതിപ്പട്ടികയിലുള്ള പോൾ ആന്റണി വ്യവസായവകുപ്പിൽ ഉന്നതസ്‌ഥാനത്തു തുടരുന്നതു തെളിവു നശിപ്പിക്കാൻ ഇടയാക്കുമെന്നാണ് വിജിലൻസ് നിലപാട്. പോൾ ആന്റണിയെ നീക്കണമെന്നാവശ്യപ്പെട്ട് ഇന്നോ നാളെയോ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകുമെന്നാണു സൂചന. എന്നാൽ, മന്ത്രി നിർദേശിച്ചതു മാത്രമാണ് ഐഎഎസ് ഉദ്യോഗസ്‌ഥൻ എന്ന നിലയിൽ പോൾ ആന്റണി കൈക്കൊണ്ടതെന്ന് ഐഎഎസുകാരുടെ യോഗം ചൂണ്ടിക്കാട്ടി. നാളെ ഐഎഎസുകാർ കൂട്ട അവധിയെടുക്കുമെങ്കിലും ജില്ലാ കളക്ടർമാരും സബ് കളക്ടർമാരും അടക്കമുള്ള തന്ത്രപ്രധാന തസ്തികകളിൽ ഇരിക്കുന്നവർ ജോലിചെയ്യും. കാഷ്വൽ ലീവ് എടുത്താകും പ്രതിഷേധം. വിജിലൻസ് ഡയറക്ടർ എന്ന നിലയിൽ ജേക്കബ് തോമസ് പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഐഎഎസുകാരുടെ പരാതി. മന്ത്രിയുടെ നിർദേശം മാത്രം നടപ്പാക്കിയ ഐഎഎസ് ഉദ്യോഗസ്‌ഥൻ എങ്ങനെ വിജിലൻസ് കേസിൽ പ്രതിപ്പട്ടികയിലെത്തുമെന്നും അവർ ചോദിച്ചു. കർണാടകയിൽ അടക്കം ഭൂമിയുള്ള ജേക്കബ് തോമസ് വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചതായും ഐഎഎസ് അസോസിയേഷൻ യോഗം ആരോപണം ഉന്നയിച്ചു. പ്രതികാരനടപടിയുടെ ഭാഗമായാണ് പോൾ ആന്റണിയെ പ്രതിയാക്കിയതെന്നും അസോസിയേഷൻ ആരോപിക്കുന്നു. പോൾ ആന്റണിയെ നീക്കണമെന്ന ആവശ്യം ഇന്നലെ നൽകാതിരുന്നതു സിപിഎം കേന്ദ്ര കമ്മിറ്റിയും പൊതുസമ്മേളനവുമായി ബന്ധപ്പെട്ടു പിണറായി വിജയൻ തിരക്കായതിനാലാണെന്നു വിജിലൻസ് ഉന്നതർ പറയുന്നു. ചീഫ് സെക്രട്ടറി എസ്.എം. വിജയാന ന്ദും ഇന്നലെ അവധിയിലായിരുന്നു. അതിനാൽ ഭരണപരമായ നടപടികൾ നടന്നിരുന്നില്ല. അതേസമയം, സാധാരണയായി സർക്കാർ ഉദ്യോഗസ്‌ഥർ ഏതെങ്കിലും കേസിൽ പ്രതി സ്‌ഥാനത്ത് എത്തിയാൽ സസ്പെൻഡ് ചെയ്യുകയാണു പതിവ്. മുൻ മന്ത്രി ഇ. പി. ജയരാജൻ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് മാനേജിംഗ് ഡയറക്ടറായി ബന്ധുവായ പി.കെ. സുധീർ നമ്പ്യാരെ നിയമിച്ച കേസിലാണു വ്യവസായ അഡീഷണൽ ചീഫ് സെക്രട്ടറിയായ പോൾ ആന്റണി മൂന്നാം പ്രതിയായത്.

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar