സിപിഎം പാർട്ടികേന്ദ്രകമ്മിറ്റി
- 06/01/2017

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദനെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള പോളിറ്റ് ബ്യൂറോ കമ്മീഷൻ റിപ്പോർട്ട് പാർട്ടി കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യും. ഇന്നും നാളെയും മറ്റന്നാളുമായി ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ അജൻഡയിൽ കമ്മീഷൻ റിപ്പോർട്ടും ഇന്നലെ ചേർന്ന പിബി യോഗം ഉൾപ്പെടുത്തി. എന്നാൽ, ഇന്നു കേന്ദ്ര കമ്മിറ്റിക്കു മുമ്പേ ചേരുന്ന അവയ്ലബിൾ പിബി യോഗത്തിലേ കമ്മീഷൻ റിപ്പോർട്ടു ചർച്ചയ്ക്കെടുക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ. കേരളത്തിൽ ഗുരുതരമായ സംഘടനാ വിഷയങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ കമ്മീഷൻ റിപ്പോർട്ട് ഇപ്പോൾ ചർച്ചയ്ക്കെടുക്കേണ്ടെന്ന നിലപാടിലാണു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അദ്ദേഹത്തിന്റെ നിലപാടു തന്നെയാണു പാർട്ടി ബംഗാൾ ഘടകത്തിനും. അഞ്ചു സംസ്‌ഥാനങ്ങളിൽ അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും കോൽക്കത്താ പ്ലീനം കൈക്കൊണ്ട സംഘടനാ തീരുമാനങ്ങളുമായിരുന്നു ഇന്നലെ ചേർന്ന സിപിഎം പോളിറ്റ്ബ്യൂ റോ യോഗം ചർച്ച ചെയ്തത്. പ്ലീനത്തിലെടുത്ത ചില തീരുമാനങ്ങളോടു നേരത്തേ പാർട്ടി കേരള ഘടകം വിയോജിപ്പു രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം പിബിയിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സൂചിപ്പിച്ചു. ഇതു കേന്ദ്ര കമ്മിറ്റി വിശദമായി പരിശോധിക്കുമെന്നും യെച്ചൂരി അറിയിച്ചു. വി.എസ്. അച്യുതാന്ദനെതിരേ വിവിധ ഘട്ടങ്ങളിൽ സിപിഎം സംസ്‌ഥാന നേതൃത്വം നൽകിയ പരാതികളും തിരിച്ചു വി.എസ് സംസ്‌ഥാന നേതൃത്വത്തിനെതിരേ നൽകിയ കത്തുകളുമാണു പിബി കമ്മീഷൻ പരിശോധിച്ചത്. കമ്മീഷൻ റിപ്പോർട്ടിൽ വി.എസിനെതിരെ നടപടി ശിപാർശ ചെയ്തിട്ടില്ല. ആലപ്പുഴ സമ്മേളനത്തിൽ നിന്നു പ്രതിഷേധിച്ച് അദ്ദേഹം ഇറങ്ങിപ്പോയ സംഭവം ഗുരുതരമായ അച്ചടക്ക ലംഘനമായാണു റിപ്പോർട്ട് വിലയിരുത്തിയിട്ടുള്ളത്. വി.എസിന്റെ പ്രായവും പാർട്ടിക്ക് അദ്ദേഹം നൽകിയിട്ടുള്ള സംഭാവനയും മാനിച്ചു കടുത്ത അച്ചടക്ക നടപടികളൊന്നും ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ, പാർട്ടി സംസ്‌ഥാന നേതൃത്വത്തിന്റെ നിലപാടിനനുസരിച്ചായിരിക്കും വി.എസിന്റെ കാര്യത്തിൽ എന്തു നടപടി വേണമെന്നു കേന്ദ്ര കമ്മിറ്റി തീരുമാനിക്കുക. നാളെ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗമാകും പിബി കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യുക. കമ്മീഷൻ റിപ്പോർട്ടു ചർച്ച ചെയ്താലും തീരുമാനമെടുക്കുന്നതു ഡൽഹിയിലായിരിക്കുമെന്നാണു സൂചന. നോട്ട് റദ്ദാക്കൽ വിഷയം വലിയ പ്രക്ഷോഭമായി ബിജെപി സർക്കാരിനെതിരെ ഉയർത്തിക്കൊണ്ടുവരാൻ പ്രതിപക്ഷത്തിനു സാധിച്ചിട്ടില്ലെന്ന വിലയിരുത്തലാണ് ഇന്നലെ ചേർന്ന പോളിറ്റ്ബ്യൂറോ യോഗത്തിൽ ഉണ്ടായത്. എന്നാൽ കേരളത്തിൽ പാർട്ടി നടത്തിയ പ്രക്ഷോഭം ജനശ്രദ്ധ പിടിച്ചുപറ്റിയെന്ന അഭിപ്രായവുമുണ്ടായി. നോട്ട് പ്രതിസന്ധി ഉണ്ടാക്കി സഹകരണ മേഖലയെ തകർക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമം ജനങ്ങൾക്കിടയിൽ തുറന്നുകാട്ടാൻ കേരളത്തിലെ പാർട്ടിക്കും ഇടതുമുന്നണിക്കും സാധിച്ചുവെന്ന വിലയിരുത്തലും പിബി നടത്തി. കേരളം, ത്രിപുര സംസ്‌ഥാനങ്ങളിലെ ഭരണം സംബന്ധിച്ചുള്ള വിലയിരുത്തൽ കേന്ദ്ര കമ്മിറ്റി നടത്തും. അതിനു മുമ്പായി ഇരുസംസ്‌ഥാനങ്ങളിലേയും പാർട്ടി മുഖ്യമന്ത്രിമാർ ഭരണത്തെ സംബന്ധിച്ചുള്ള റിപ്പോർട്ടു കേന്ദ്ര കമ്മിറ്റിയിൽ വയ്ക്കും.