CPIഇടഞ്ഞു ജില്ലാപോലീസ് മേധാവികൾക്ക്മാറ്റം
- 06/01/2017

തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലാ പോലീസ് മേധാവിമാരടക്കം 16 എസ്പിമാരെ മാറ്റി നിയമിച്ചു. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം ഈ തലത്തിൽ നടത്തിആദ്യ സമ്പൂർണ അഴിച്ചുപണിയാണ്. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറായി (ലോ ആൻഡ് ഓർഡർ) ഡോ. അരുൾ ആർ.ബി. കൃഷ്ണയെ നിയമിച്ചു. കൊച്ചി സിറ്റി ഡിസിപിയായിരുന്നു. തിരുവനന്തപുരം ഡിസിപിയായിരുന്ന ജി. ശിവവിക്രമിനെ വയനാട് ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു. തിരുവനന്തപുരം റൂറൽ പോലീസ് മേധാവിയായി പി. അശോക് കുമാറിനെ നിയമിച്ചു. റൂറൽ എസ്പിയായിരുന്ന ഷഹീൻ അഹമ്മദിനു ഡിഐജിയായി സ്ഥാനക്കയറ്റം ലഭിച്ച ഒഴിവിലാണു നിയമനം. പി. അശോക് കുമാർ പോലീസ് ആസ്ഥാനത്ത് എഐജിയായിരുന്നു. ടി. നാരായണനെ തൃശൂർ സിറ്റി പോലീസ് കമ്മീഷണറായും ജെ. ജയന്തിനെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായും നിയമിച്ചു. മറ്റുള്ള പുതിയ ജില്ലാ പോലീസ് മേധാവികൾ: കെ.പി. ഫിലിപ്പ്– കണ്ണൂർ, എസ്. സുരേന്ദ്രൻ– കൊല്ലം റൂറൽ, എ.വി. ജോർജ്– എറണാകുളം റൂറൽ, എൻ. വിജയകുമാർ– തൃശൂർ റൂറൽ, കെ.ജി. സൈമൺ– കാസർഗോഡ്, എം.കെ. പുഷ്കരൻ– കോഴിക്കോട് റൂറൽ, യതീഷ് ചന്ദ്ര– ഡിസിപി കൊച്ചി സിറ്റി, പ്രതീഷ് കുമാർ– പാലക്കാട്, ബി. അശോകൻ– പത്തനംതിട്ട, വേണുഗോപാൽ– ഇടുക്കി, മുഹമ്മദ് റഫീഖ്– ആലപ്പുഴ. ഇതിൽ ബി. അശോകൻ, വേണുഗോപാൽ, മുഹമ്മദ് റഫീഖ് എന്നിവർക്ക് അടുത്തിടെയാണ് ഐപിഎസ് ലഭിച്ചത്. സിപിഎം നേതൃത്വം പരാതി ഉയർത്തിയ കണ്ണൂർ ജില്ലാ പോലീസ് മേധാവി കോറി സഞ്ജയ് കുമാർ ഗുരുഡ്, ജിഷ വധക്കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറൽ എസ്പി പി.എൻ. ഉണ്ണിരാജൻ, ആലപ്പുഴ ജില്ലാ പോലീസ് മേധാവിയും മലപ്പുറം ജില്ലാ മുൻ കളക്ടർ എ. ഷൈനാമോളുടെ സഹോദരനുമായ എ. അക്ബർ, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനി, പാലക്കാട് എസ്പി എ. ശ്രീനിവാസ്, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായിരുന്ന ഉമാ ബെഹ്റ എന്നിവരടക്കമുള്ള ഏതാനും പേരെ മാറ്റിയെങ്കിലും പകരം നിയമനം നൽകിയിട്ടില്ല. ദേശീയ അന്വേഷണ ഏജൻസിയിൽനിന്നു ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞു മടങ്ങിയെത്തിയ അനൂപ് കുരുവിള ജോണിനു സെലക്ഷൻ ഗ്രേഡ് എസ്പിയായി സ്ഥാനക്കയറ്റം നൽകിയെങ്കിലും നിയമനം നൽകിയിരുന്നില്ല. ഇതേത്തുടർന്ന് അനൂപ് നീണ്ട അവധിയിലാണ്.