• 19 September 2025
  • Home
  • About us
  • News
  • Contact us

ഇടതുമുന്നണിസർക്കാർ സമ്പൂർണപരാജയമെന്നു ചെന്നിത്തല

  •  
  •  05/01/2017
  •  


ന്യൂഡൽഹി: ജനങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിൽ സംസ്‌ഥാനത്തെ ഇടതുമുന്നണി സർക്കാർ പൂർണ പരാജയമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് മുന്നണിക്ക് ഭരിക്കാനറയില്ല. സമരം ചെയ്യാൻ മാത്രമാണ് പരിചയമെന്നും രമേശ് ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു. ഏഴുമാസത്തെ സംസ്‌ഥാന സർക്കാരിന്റെ ഭരണം ജനജീവിതം കൂടുതൽ ദുരിതത്തിലാക്കി. കൊട്ടിഘോഷിച്ച് വിജിലൻസ് നടപടികൾ പ്രഹസനമായി മാറിയിരിക്കുന്നു. സിപിഎം നേതാക്കൾക്കു നേരെ ആരോപണമുണ്ടാകുമ്പോൾ വിജിലൻസ് നിഷ്ക്രീയമാകുന്നതായാണു കാണുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്‌ഥാനത്തെ ജനങ്ങൾ നേരിടുന്ന പ്രതിസന്ധികളിലൊന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മോദി നോട്ട് നിരോധനം ഏർപ്പെടുത്തിയത് നന്നായെന്നു കരുതുന്ന ആളാണ് സംസ്‌ഥാന ധനമന്ത്രി. ധനമന്ത്രി ഇപ്പോഴും ആയുർവേദ ചികിത്സയും വകുപ്പ് എണ്ണത്തോണിയിലുമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇ.പി ജയരാജനെതിരേ പ്രതിപക്ഷ നേതാവ് തന്നെ പരാതി നൽകിയിട്ടും അന്വേഷണവും നടപടിയും ഇഴഞ്ഞു നീങ്ങുകയാണ്. ജെ. മേഴ്സിക്കുട്ടിയമ്മ കോഴ വാങ്ങിയെന്ന ആരോപണം കോടതി ഇടപെടുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് വിജിലൻസ് നടപടിക്കു മുതിർന്നത്. എം.എം മണിയുടെ വിടുതൽ ഹർജി കോടതി തള്ളി. നിലവിൽ വൈദ്യുത മന്ത്രി കോടതിയിൽ പ്രതിക്കൂട്ടിൽ നിൽക്കേണ്ട അവസ്‌ഥയാണുള്ളതെന്നും രമേശ് ആരോപിച്ചു. കൂട്ടുത്തരവാദിത്തം നഷ്‌ടപ്പെട്ട സർക്കാരാണ് സംസ്‌ഥാനം ഭരിക്കുന്നത്. പിണറായി വിജയൻ മോദിക്കു പഠിക്കാൻ ശ്രമിക്കുകയാണെന്നാണ് തങ്ങൾ നേരത്തെ ആരോപിച്ചത്. എന്നാൽ, പിണറായി മുണ്ടുടുത്ത മോദിയാണെന്ന് സിപിഐ തന്നെ പറഞ്ഞു കഴിഞ്ഞു. സർക്കാർ ഡയറി പോലും പിഴവില്ലാതെ അച്ചടിച്ച് ഇറക്കാൻ കഴിയുന്നില്ല. ഈ വിഷയത്തിൽ സംസ്‌ഥാന ഖജനാവിന് ഒരു കോടി രൂപ നഷ്‌ടമുണ്ടായി. കെഎസ്ആർടിസി പ്രതിസന്ധി മറികടക്കാൻ കഴിയുന്നില്ല. എല്ലാ മാസവും ശമ്പളം മുടങ്ങുന്ന അവസ്‌ഥയാണ് ഇപ്പോഴുള്ളത്. എഫ്സിഐ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന അരി ഫലപ്രദമായി വിതരണം ചെയ്യാൻ കഴിയുന്നില്ല. എന്നിട്ടും കേന്ദ്രത്തിനെതിരേ സമരം ചെയ്യാനാണു ഇടതുമുന്നണി ഒരുങ്ങുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിനുള്ളിൽ പരിഹരിക്കപ്പെടാവുന്ന പ്രശ്നങ്ങളേ ഉള്ളൂവെന്നു പ്രതിപക്ഷ രമേശ് ചെന്നിത്തല. സംഘടന തെരഞ്ഞെടുപ്പ് നടത്തുന്നതിൽ ആർക്കും എതിർപ്പില്ല. ഇക്കാര്യത്തിൽ ദേശീയ നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. ഇപ്പോഴുള്ള തർക്കങ്ങൾ പരിഹരിക്കാൻ പ്രതിപക്ഷ നേതാവെന്ന നിലയിലും വ്യക്‌തിപരമായ ഉത്തരവാദിത്തമായി കണക്കാക്കിയും താൻ ഇടപെട്ടു ശ്രമങ്ങൾ നടത്തുന്നുണ്ട്. ഡൽഹിയിൽ എത്തി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, സംസ്‌ഥാന വിഷയങ്ങളുമായി ഈ കൂടിക്കാഴ്ചയ്ക്കു ബന്ധമില്ല. മണിപ്പൂരിലെ രാഷ്ര്‌ടീയ സ്‌ഥിതിഗതികൾ ബോധിപ്പിക്കാനാണ് കോൺഗ്രസ് അധ്യക്ഷയെ കണ്ടത്. മണിപ്പൂരിൽ നിന്നുള്ള എംഎൽഎമാർ, എംപിമാർ, മുഖ്യമന്ത്രി, സ്പീക്കർ എന്നിവരുമായി രാഷ്ര്‌ടപതിയെയും കണ്ടു. മണിപ്പൂരിൽ കൂടുതൽ കുഴപ്പങ്ങളുണ്ടാക്കി അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തിക്കൊണ്ടിരുന്നത്. ഇപ്പോൾ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കുന്നതു കൊണ്ട് ഇനി ബിജെപി നീക്കങ്ങൾ വിലപ്പോവില്ലെന്നും മണിപ്പൂരിന്റെ തെരഞ്ഞെടുപ്പു ചുമതലയുള്ള ചെന്നിത്തല പറഞ്ഞു.

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar