• 19 September 2025
  • Home
  • About us
  • News
  • Contact us

തെരഞ്ഞെടുപ്പിൽ ജാതിയുംമതവും തെരഞ്ഞെടുപ്പ്റദ്ദാക്കും

  •  
  •  03/01/2017
  •  


ന്യൂഡൽഹി: ജാതിയുടെയും മതത്തിന്റെയും പേരിൽ വോട്ടു ചോദിക്കുന്നത് നിയമവിരുദ്ധമാണെന്നു സുപ്രീംകോടതി. വോട്ടിനു വേണ്ടി ജാതി, മതം, വംശം, വർഗം, സമുദായം, ഭാഷ എന്നിവ ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് ജനപ്രാതിനിധ്യ നിയമ പ്രകാരം തെറ്റായ പ്രവണതയാണെന്നും ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂർ അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി സ്‌ഥാനാർഥിയോ ഏജന്റുമാരോ മതത്തെ ഉപയോഗിച്ചാൽ തെരഞ്ഞെടുപ്പ് റദ്ദാക്കാമെന്നും മൂന്നു ജഡ്ജിമാരുടെ വിയോജിപ്പോടെ പുറപ്പെടുവിച്ച ഉത്തരവിൽ പരമോന്നത കോടതി വ്യക്‌തമാക്കി. 1951ൽ പാസാക്കിയ ജനപ്രാതിനിധ്യ നിയമത്തിലെ 123–ാം വകുപ്പിന്റെ മൂന്നാം ഉപവകുപ്പ് വ്യാഖ്യാനിച്ചാണ് ഏഴംഗ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പ് മതനിരപേക്ഷമായ പ്രവർത്തനമാണെന്നും മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം വ്യക്‌തിപരമായ കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ മതത്തിനു സ്‌ഥാനമില്ലെന്ന കാര്യത്തിൽ ഭരണഘടനാ ബെഞ്ചിലെ ഏഴംഗങ്ങളും ഒരുപോലെ വ്യാഖ്യാനിച്ചു.എന്നാൽ ജനപ്രാതിനിധ്യ നിയമത്തിൽ മതേതരത്വത്തിന്റെ പരിധി എത്രത്തോളമാണെന്നു വിലയിരുത്തേണ്ടതും ചർച്ച ചെയ്യേണ്ടതും പാർലമെന്റാണെന്നു ജസ്റ്റീസുമാരായ യു.യു. ലളിത്, എ.കെ. ഗോയൽ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ പ്രത്യേക വിധിന്യായത്തിൽ പറഞ്ഞു.മതം എന്ന കാര്യത്തിൽ നിർവചിച്ചിരിക്കുന്നതു സ്‌ഥാനാർഥിയുടേതു മാത്രമാണെന്നും സ്‌ഥാനാർഥികളുടെ അണികളും ഏജ ന്റുമാരും ഉപയോഗിക്കുന്നവയെല്ലാം ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്താനാവില്ലെന്നും അവർ രേഖപ്പെടുത്തി. അതേസമയം സ്‌ഥാനാർഥി മാത്രമല്ല, ഏജന്റുമാരും അണികളും മതത്തേയും ജാതിയെയും പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പു ചട്ടലംഘനമായി കണക്കാക്കാമെന്നു ഭൂരിപക്ഷ ജഡ്ജിമാരുടെ വിലയിരുത്തലുകൾ ചൂണ്ടിക്കാട്ടി ഉത്തരവ് പുറപ്പെടുവിച്ച ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂർ വ്യക്‌തമാക്കി. ഇത്തരം ദുഷ്പ്രവണതകളുണ്ടെന്നു കണ്ടെത്തിയാൽ തെരഞ്ഞെടുപ്പ് റദ്ദാക്കാമെന്നും ക്രിമിനൽ കേസ് ചുമത്താമെന്നും വിധിച്ചു. തെരഞ്ഞെടുപ്പുകളിൽ നിന്നു മതവും മതപരമായ കാര്യങ്ങളും ഒഴിവാക്കണമെന്നും മറിച്ചുള്ള നടപടികൾ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കണമെന്നും ചീഫ് ജസ്റ്റീസ് ഠാക്കൂറിന്റെ പ്രത്യേക വിധിയിൽ പറയുന്നു. സുപ്രീംകോടതി ഒരു തെരഞ്ഞെടുപ്പു കേസിൽ 1995ൽ പുറപ്പെടുവിച്ച ഒരു ഉത്തരവിൽ ഹിന്ദുത്വം എന്നതു മതമല്ല ജീവിത രീതിയാണെന്നു വ്യക്‌തമാക്കിയതിനെതിരേ സിപിഎമ്മും സാമൂഹ്യപ്രവർത്തകരും അടക്കമുള്ളവർ നൽകിയ ഹർജികളാണ് ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്. എന്നാൽ, ഹിന്ദുത്വം ജീവിതരീതിയാണെന്ന ഉത്തരവിലെ പരാമർശം പുനഃപരിശോധിക്കില്ലെന്നു വാദം കേട്ടപ്പോൾ തന്നെ കോടതി വ്യക്‌തമാക്കിയിരുന്നു. അതേസമയം, ഹിന്ദുത്വം, ഹിന്ദു മതം എന്നിവ ഉപയോഗിച്ച് പ്രചാരണം നടത്തുന്നതു ജനപ്രാതിനിധ്യ നിയമ പ്രകാരം അഴിമതിയായി കണക്കാക്കുമോ എന്ന കാര്യം പരിശോധിക്കുമെന്നും വിശദമാക്കിയിരുന്നു. 1994ലെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനു ഹിന്ദുത്വവാദം ഉയർത്തിയത് തെരഞ്ഞെടുപ്പു ചട്ടലംഘനമായി കണക്കാക്കാനാകില്ലെന്നായിരുന്നു സുപ്രീം കോടതി 1995ൽ ഉത്തരവിട്ടിരുന്നത്. പാർട്ടി പ്രവർത്തകർ മതത്തിന്റെ പേരിൽ പ്രചാരണം നടത്തിയാൽ അതിന്റെ പേരിൽ സ്‌ഥാനാർഥി കുറ്റക്കാരനാകില്ല എന്നായിരുന്നു എതിർഭാഗത്തിന്റെ വാദം. ഇക്കാര്യം വാദത്തിനിടെ ഉയർത്തിയെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. ജൈനമതവിശ്വാസിയാണെങ്കിലും രാമക്ഷേത്രമുണ്ടാക്കാൻ സഹായിക്കുമെന്ന് സ്‌ഥാനാർഥിക്കു വേണ്ടി ചിലർ ആഹ്വാനം ചെയ്യുന്നു. ഈ ആഹ്വാനം സ്‌ഥാനാർഥിയുടെ പേരിലല്ല, മതത്തിന്റെ പേരിലാണ്. മതത്തെ രാഷ്ട്രീയ പ്രക്രിയയിൽനിന്ന് വേർപെടുത്തണം. മതവാദങ്ങളെ എങ്ങനെയാണ് മതനിരപേക്ഷതയുടെ തത്വത്തിൽ ഉൾപ്പെടുത്തുക എന്ന ചോദ്യവും കോടതി ഉയർത്തിയിരുന്നു.

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar