സിപിഎംമിന്റേതു കപട രാഷ്ട്രീയം സിപിഐ
- 03/01/2017

തിരുവനന്തപുരം: സംസ്‌ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മിടുക്കനായ ഉദ്യോഗസ്‌ഥനാണെന്നും ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്ന സിപിഎം കപട രാഷ്ട്രീയം കളിക്കുകയാണെന്നും സിപിഐ സംസ്‌ഥാന എക്സിക്യൂട്ടീവ്. പോലീസ് മേധാവിയായിരിക്കാൻ ബെഹ്റ യോഗ്യനാണ്. എന്നാൽ പോലീസിന്റെ നിയന്ത്രണം സിപിഎമ്മിനായിരിക്കെ അദ്ദേഹത്തിനു നിഷ്പക്ഷമായി കാര്യങ്ങൾ ചെയാൻ സാധിക്കുന്നില്ല. മികച്ച അന്വേഷണ ഉദ്യോഗസ്‌ഥനെന്ന പേരുള്ള ഡിജിപിക്കു സ്വതന്ത്രമായി പ്രവർത്തിക്കാൻ സർക്കാർ അവസരം നൽകണമെന്നും സംസ്‌ഥാന എക്സിക്യൂട്ടീവിൽ പാർട്ടി സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ആറു മാസം പിന്നിട്ട പിണറായി സർക്കാരിന്റെ പ്രവർത്തനം ഇന്നും നാളെയുമായി ചേരുന്ന സിപിഐ സംസ്‌ഥാന കൗൺസിൽ ചർച്ച ചെയ്യും.ഇടതുമുന്നണിയെന്ന നിലയിൽ കാര്യങ്ങൾ ശരിയായ രീതിയിലല്ല മുന്നോട്ടു പോകുന്നതെന്നു സിപിഐ എക്സിക്യുട്ടീവിൽ നേതാക്കൾ പറഞ്ഞു. എൽഡിഎഫ് യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയാനും സർക്കാരിന്റെ പിഴവുകൾ ചൂണ്ടിക്കാട്ടാനും സിപിഐയ്ക്കു കഴിയണം. അല്ലെങ്കിൽ സർക്കാർ തോന്നിയതുപോലെ സിപിഎമ്മിന്റെ വഴിക്കു പോകുമെന്നും നേതാക്കൾ പറഞ്ഞു. പോലീസ് തികഞ്ഞ പരാജയമാണ്. എന്നാൽ, അതുകൊണ്ടു മാത്രം സർക്കാരിനെ വിലയിരുത്തുന്നതു ശരിയല്ല. ക്ഷേമ പെൻഷനുകൾ മുടക്കമില്ലാതെ കൊടുക്കാൻ കഴിയുന്നതു വലിയ കാര്യമാണ്. സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പുകളിൽ കൃഷി വകുപ്പിനെ സംബന്ധിച്ചു എക്സിക്യൂട്ടീവിൽ മികച്ച അഭിപ്രായമാണുണ്ടായത്. എന്നാൽ റവന്യൂ വകുപ്പിലെ പ്രവർത്തനം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന അഭിപ്രായമുണ്ടായി. റവന്യൂ വകുപ്പ് ഭരിക്കുന്ന പാർട്ടി മന്ത്രി കണ്ണൂരിലെ സിപിഎം നേതാക്കൾ പറയുന്നതനുസരിച്ചു പ്രവർത്തിച്ചാൽ കുഴിയിൽ വീഴുമെന്നും ഒരു എക്സിക്യൂട്ടീവംഗം പറഞ്ഞു. നോട്ട് പ്രതിസന്ധി വിഷയം ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിനെതിരെ ഫലപ്രദമായി പ്രയോജപ്പടുത്താൻ ഇടതുപാർട്ടികൾക്കു കഴിഞ്ഞിട്ടില്ലെന്നും സിപിഐ എക്സിക്യൂട്ടീവ് വിലയിരുത്തി. ഇന്നും നാളെയും സംസ്‌ഥാന കൗൺസിൽ യോഗം ചേരും.