മേഴ്സിക്കുട്ടിയമ്മയ്ക്കെതിരേ വിജിലൻസ്
- 03/01/2017

തിരുവനന്തപുരം: തോട്ടണ്ടി ഇറക്കുമതിയിൽ അഴിമതി നടന്നെന്ന പരാതിയിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കെതിരേ വിജിലൻസ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടു. വിജിലൻസ് ഡയറക്ടർ ഡോ. ജേക്കബ് തോമസാണ് ഉത്തരവിട്ടത്. മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കും ഭർത്താവ് തുളസീധരക്കുറുപ്പിനുമെതിരേയാണ് അന്വേഷണത്തിന് ഉത്തരവ്. തോട്ടണ്ടി ഇറക്കുമതി ചെയ്തതിൽ 10.34 കോടി രൂപയുടെ അഴിമതി നടന്നെന്ന ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി പി. റഹിമിന്റെ പരാതിയിലാണ് അന്വേഷണം. റഹിമിൽ നിന്ന് വിജിലൻസ് പ്രത്യേക യൂണിറ്റ് ഇന്നലെ മൊഴി രേഖപ്പെടുത്തി. കോർപറേഷനു വേണ്ടി കശുവണ്ടി വാങ്ങാൻ ടെൻഡറിൽ കുറഞ്ഞ തുക ക്വോട്ട് ചെയ്തവരെ ഒഴിവാക്കി കൂടുതൽ തുക ക്വോട്ട് ചെയ്തവർക്കു നൽകിയതിലൂടെ 10.34 കോടി രൂപ ഖജനാവിനു നഷ്‌ടമുണ്ടാക്കിയെന്നാണ് പരാതി. മന്ത്രിയുടെ ചേംബറിൽ കരാറുകാരുമായി ഗൂഢാലോചന നടത്തി എന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് പരാതിക്കാരന്റേത്. മേഴ്സിക്കുട്ടിയമ്മ, മന്ത്രിയുടെ ഭർത്താവും കാപ്പക്സ് മുൻ ചെയർമാനുമായ തുളസീധരക്കുറുപ്പ് എന്നിവർക്കെതിരേയും ഇൻഡാസ്, ഒലാം, വിനായക എന്നീ കമ്പനികൾക്കെതിരേയും അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ജൂൺ, ജൂലൈ മാസങ്ങളിലാണ് ഇറക്കുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായത്.തോട്ടണ്ടി ഇറക്കുമതിയിൽ അഴിമതി നടന്നുവെന്നു കാട്ടി റഹിം വിജിലൻസ് കോടതിയിൽ നൽകിയ ഹർജി ഇന്നു പരിഗണിക്കാനിരിക്കെയാണു വിജിലൻസ് ഡയറക്ടറുടെ ഉത്തരവ്. കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ എംഎൽഎ നേരത്തേ ഈ വിഷയത്തിൽ നിയമസഭയിൽ ആരോപണം ഉന്നയിച്ചിരുന്നു.പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിടുന്നത് ആദ്യമായാണ്