അക്രമങ്ങൾഅവസാനിപ്പിക്കാൻ രാഷ്ട്രീയപ്രസ്ഥാനങ്ങൾ തുറന്നചർച്ചയ്ക്കുതയ്യാറാകണം
- 02/01/2017

ശിവഗിരി: അക്രമങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തുറന്ന ചർച്ചയ്ക്കു തയാറാകണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശിവഗിരി തീർഥാടനത്തോട് അനുബന്ധിച്ചു നടന്ന സംഘടനാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പരസ്പരമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും എല്ലാ രാഷ്ട്രീയ പാർട്ടികളും ശ്രമം തുടങ്ങണം. ഇതിനായി ഉഭയകക്ഷി ചർച്ചകൾ നടത്തണം. രാഷ്ട്രീയ ആശയങ്ങൾ പ്രചരിപ്പിക്കാനും സംഘടനാ പ്രവർത്തനം നടത്താനും എല്ലാവർക്കും അവകാശമുണ്ട്. ഇവ പരസ്പരം അംഗീകരിച്ചു പ്രവർത്തിച്ചാൽ അക്രമം അവസാനിപ്പിക്കാൻ കഴിയും. അക്രമം വഴി ഒരു സംഘടനയേയും ആശയത്തേയും ഇല്ലാതാക്കാൻ കഴിയില്ല. ജനാധിപത്യപരമായ സംവാദങ്ങളിലൂടെ മാത്രമേ ശരിയായ രാഷ്ട്രീയം കെട്ടിപ്പടുക്കാനാകൂ. അക്രമത്തിന്റെ പാത ആരും സ്വീകരിക്കരുത്. ഇവിടെയാണു സംഘടനാ നേതൃത്വത്തിന്റെ പക്വമായ ഇടപെടൽ ആവശ്യമായി വരുന്നത്. തങ്ങളുടെ കൂട്ടത്തിൽ ഒരാൾ ആക്രമിക്കപ്പെട്ടാൽ ശരിയായ കുറ്റവാളിയെ കണ്ടെത്താൻ ശ്രമിക്കാതെ രാഷ്ട്രീയ എതിരാളികളുടെ ശിരസിൽ കുറ്റം കെട്ടിവയ്ക്കുക, ഇതിനായി അന്വേഷണ ഏജൻസികളെ സ്വാധീനിക്കുക, കള്ളസാക്ഷികളെ സൃഷ്ടിക്കുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തരുതെന്നും കോടിയേരി പറഞ്ഞു. മനുഷ്യനാണു വലുതെന്ന ശ്രീനാരായണഗുരുവിന്റെ ആശയം ഉൾക്കൊണ്ടാൽ അക്രമരഹിതമായ സംഘടനാ പ്രവർത്തനം സാധ്യമാകും. ഒരു മതവും സംഘർഷത്തിന് ആഹ്വാനം നൽകുന്നില്ല. സമാധാനവും സ്നേഹവും സമഭാവനയുമാണ് മതങ്ങൾ പ്രചരിപ്പിക്കുന്നതെന്നും കോടിയേരി പറഞ്ഞു.