പ്രഖ്യാപനം 4500 കിട്ടിയത് 2500
- 02/01/2017

തിരുവനന്തപുരം: എടിഎമ്മുകളിൽ നിന്നു പിൻവലിക്കാവുന്ന പണത്തിന്റെ പരിധി 4500 രൂപയാക്കി ഉയർത്തിയെങ്കിലും ഇന്നലെ എടിഎമ്മിൽ നിന്നു പണം പിൻവലിച്ച ഭൂരിഭാഗം പേർക്കും ലഭിച്ചത് 2,500 രൂപ മാത്രം. ഒരു ദിവസം പിൻവലിക്കാൻ കഴിയുന്ന തുകയുടെ പരിധി ഇന്നലെ മുതൽ 4,500 രൂപയാക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും പലയിടത്തും നടപ്പാക്കാൻ കഴിയാതിരുന്നത് ഇതനുസരിച്ചു സോഫ്റ്റ്വെയർ മാറ്റാൻ കഴിയാത്തതിനാലാണെന്നു ബാങ്ക് അധികൃതർ പറഞ്ഞു. ഉയർന്ന തുക ലഭിക്കാൻ ഓരോ എടിഎമ്മിന്റെ സോഫ്റ്റ്വെയറിലും മാറ്റം വരുത്തേണ്ടതുണ്ട്. ഇതു പൂർത്തിയാക്കാൻ ഒന്നുരണ്ടു ദിവസങ്ങൾ വേണ്ടിവരുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു. അതേസമയം, എടിഎമ്മുകളിൽ ഭൂരിഭാഗത്തിലും ഇന്നലെയും പണമില്ലായിരുന്നു. പലയിടത്തേയും എടിഎമ്മുകൾ അടഞ്ഞുകിടക്കുകയാണ്. സംസ്‌ഥാനത്തെ എല്ലാ എടിഎമ്മുകളിലും പണം നിറച്ചാൽ മാത്രമേ കറൻസി ക്ഷാമത്തിനു കുറച്ചെങ്കിലും അറുതി വരുത്താൻ കഴിയുകയുള്ളുവെന്നു ബാങ്ക് അധികൃതർ തന്നെ പറയുന്നു