നരേന്ദ്ര മോദി കോടികൾ കൈപ്പറ്റിയെന്ന ആരോപണം രാഹുൽ ആവർത്തിച്ചു
- 28/12/2016

ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ പ്രശ്നങ്ങൾ അവസാനിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞ ദിവസം വെള്ളിയാഴ്ച കഴിയുമ്പോൾ നരേന്ദ്ര മോദി രാജിവയ്ക്കുമോയെന്നു രാഹുൽ ഗാന്ധിയും മമത ബാനർജിയും. സഹാറ, ബിർല ഗ്രൂപ്പുകളിൽനിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കോടികൾ കൈപ്പറ്റിയെന്ന ആരോപണം രാഹുൽ ആവർത്തിച്ചു. അഴിമതിക്കെതിരേ പറയുന്ന മോദി സ്വയം അന്വേഷണത്തിനും തയാറാകാൻ വെല്ലുവിളിച്ച രാഹുൽ, ഷീലാ ദീക്ഷിത് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. നോട്ട് അസാധുവാക്കലിലൂടെ സമ്പന്നർക്കു കള്ളപ്പണം വെളുപ്പിക്കാൻ പുതിയ വഴി തുറന്നു കൊടുക്കുകയാണ് ചെയ്തത്. അഴിമതി തടയുകയല്ല, അഴിമതിക്കാരെ സഹായിക്കുകയും അഴിമതി വർധിപ്പിക്കുകയുമാണു ചെയ്തത്. നോട്ട് നിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം പൂർണമായും പാളി. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടന്ന പ്രതിപക്ഷ നേതാക്കളുടെ സംയുക്‌ത യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് രാഹുലും മമതയും മോദിക്കെതിരേ രൂക്ഷ വിമർശനം നടത്തിയത്. അച്ഛാ ദിൻ വാഗ്ദാനം ചെയ്ത മോദി രാജ്യത്തെ സാധാരണക്കാർക്കും പാവങ്ങൾക്കും കർഷകർക്കും ദുരിത ദിനങ്ങളാണു സമ്മാനിച്ചത്. വൻകിടക്കാർ രാജ്യത്തെ കൊള്ളയടിക്കുകയാണ്. നോട്ട് അസാധുവാക്കൽ നടപടിയുടെ പിന്നിലെ സത്യമെന്താണെന്നു പ്രധാനമന്ത്രി രാജ്യത്തോട് പറയണം. നോട്ട് നിരോധനത്തിലൂടെ ജനങ്ങൾ നേരിട്ട കഷ്‌ടതകൾക്ക് മോദി മറുപടി പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ധനകാര്യ സ്വതന്ത്ര്യത്തിന് എതിരായ ആക്രമണമാണു നടന്നത്. കോൺഗ്രസ് ഇന്നലെ വിളിച്ച യോഗത്തിൽ തൃണമൂൽ അടക്കം ഏഴു പാർട്ടികൾ മാത്രമാണു പങ്കടുത്തത്. ആർജെഡി, ജെഡിഎസ്, ഡിഎംകെ, മുസ്ലിം ലീഗ്, ജാർഖണ്ഡ് മുക്‌തി മോർച്ച, എഐയുഡിഎഫ് എന്നീ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിനെത്തി. നോട്ട് അസാധുവാക്കൽ, സഹാറ, ബിർല അഴിമതി വിഷം തുടങ്ങിയവയ്ക്കെതിരേ നടത്തേണ്ട തുടർപ്രക്ഷോഭങ്ങൾ യോഗം ചർച്ച ചെയ്തു. പ്രവർത്തനം കൂടുതൽ ഏകോപിപ്പിക്കുന്നതിനു പൊതുമിനിമം പരിപാടി രൂപീകരിക്കാനും വൈകാതെ വീണ്ടും യോഗം ചേരാനും തീരുമാനിച്ചു. ഇതേസമയം, സിപിഎം അടക്കമുള്ള ഇടതുപാർട്ടികൾ, ജെഡിയു, എൻസിപി, എസ്പി, ബിഎസ്പി പാർട്ടികൾ കോൺഗ്രസ് വിളിച്ച യോഗത്തിൽനിന്നു വിട്ടുനിന്നതു സംയുക്‌ത പ്രതിപക്ഷ നിരയിൽ വിള്ളൽ വ്യക്‌തമാക്കി. പാർലമെന്റ് സമ്മേളനത്തിൽ കൂട്ടായി പോരാടിയ പ്രതിപക്ഷ ഐക്യമാണ് അവസാന ദിവസം രാഹുൽ ഗാന്ധി കർഷകരുടെ പേരിൽ പ്രധാനമന്ത്രി മോദിയെ പോയി കണ്ടതിന്റെ പേരിൽ പൊളിഞ്ഞത്. തൃണമൂലുമായി വേദി പങ്കിടാനുള്ള ഇടതുപാർട്ടികളുടെ വൈമുഖ്യവും യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഓരോ പാർട്ടിയുടെയും താത്പര്യങ്ങളും ഐക്യത്തിനു തടസമായി. അഴിമതിക്കും കള്ളപ്പണത്തിനും എതിരായ യുദ്ധത്തിലാണെന്നാണു പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോടു പറയുന്നത്. എന്നാൽ അദ്ദേഹത്തിനെതിരേ ആരോപണം ഉയരുമ്പോൾ എന്തുകൊണ്ടാണ് ഉത്തരമില്ലാത്തത്? ബിർല ഗ്രൂപ്പിലെ ആദായനികുതി റെയ്ഡിനെ തുടർന്നുള്ള ഇമെയിലിൽ ഗുജറാത്ത് മുഖ്യമന്ത്രിക്കു 25 കോടി രൂപ കൊടുത്തതായി പറയുന്നു. സഹാറ ഡയറിയിൽ ആറു മാസത്തിനിടെ ഒമ്പതു തവണ മോദിയുടെ പേരു പറയുന്നു. അഴിമതിക്കെതിരേ പറയുന്നതിനു മുമ്പു മോദിക്കെതിരായ അഴിമതി ആരോപണത്തെക്കുറിച്ചു പറയട്ടെ. വിജയ് മല്യയെ വിദേശത്തുനിന്നു തിരികെ കൊണ്ടുവരണം. സ്വിസ് ബാങ്ക് ഒരു പട്ടിക നൽകിയിട്ടുണ്ടല്ലോ. അതിലെ സത്യം അറിയണം. അഴിമതി ആരോപണത്തിൽ ഷീല ദീക്ഷിത് അന്വേഷണം ആവശ്യപ്പെട്ടുണ്ട്. സഹാറയുടെ ലിസ്റ്റിൽ നിരവധി നേതാക്കളുടെ പേരുണ്ട്. എന്നാൽ ബിർളയുടെ ഡയറിയിൽ പ്രധാനമന്ത്രിയുടെ പേരു മാത്രമാണു പരാമർശിക്കുന്നത്– രാഹുൽ വിശദീകരിച്ചു.